ലക്നൗ : രാമ മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ നിയമിച്ചതിനെ ചോദ്യം ചെയ്ത് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസിയും സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവും . ട്രസ്റ്റിലേക്കുള്ള മുൻ നിയമനങ്ങളും സർക്കാർ നടത്തിയതാണെന്ന് ഒവൈസി ചൂണ്ടിക്കാട്ടി.
എന്നിട്ടും ക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ വഴിപാടുകൾ മോഷ്ടിക്കപ്പെട്ടതായി ആരോപണമുയർന്നു . അവരുടെ വിശ്വാസം പരിഹസിക്കപ്പെട്ടതിനാൽ ആളുകൾ രോഷാകുലരാണെന്നും ഒവൈസി പറഞ്ഞു.
“നിങ്ങൾക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം, കാരണം സർക്കാർ നിങ്ങളുടെ കൈകളിലാണ്. , മോഷണക്കുറ്റം ആരോപിക്കപ്പെട്ടവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ട്. പിന്നെ എന്തുകൊണ്ടാണ് ആ റിപ്പോർട്ട് പരസ്യമാക്കാത്തത്? വിശ്വാസത്തിന്റെ പേരിൽ വോട്ടുകൾ അഭ്യർത്ഥിച്ചെങ്കിലും ചില വ്യക്തികൾ ആ വിശ്വാസത്തെ ചൂഷണം ചെയ്ത് അഴിമതിയിൽ ഏർപ്പെടുകയാണ് “ എന്നും ഒവൈസി ആരോപിച്ചു.
പുതിയ നിയമനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ മുൻകാല ചോദ്യങ്ങൾ മറക്കരുതെന്നാണ് അഖിലേഷ് യാദവിന്റെ പ്രസ്താവന. ക്ഷേത്രത്തിലെ വഴിപാടുകൾ മോഷ്ടിച്ച കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെങ്കിൽ, താഴ്ന്ന നിലയിലുള്ള ജീവനക്കാർ എന്തിനാണ് ജയിലിൽ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.”ഉന്നത ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ, താഴ്ന്ന നിലയിലുള്ള ജീവനക്കാരെയും വിട്ടയക്കണം” അഖിലേഷ് പറഞ്ഞു. ഭാവിയിൽ രാമന് അർപ്പിക്കുന്ന വഴിപാടുകളിൽ ക്രമക്കേടുകൾ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

