സന്ദേശ്ഖലി : ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി അംഗത്തിന് നേരെ നാട്ടുകാരുടെ മുട്ടയേറ് . നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖലിയിലാണ് സംഭവം . ബ്ലോക്ക് നമ്പർ 1 ൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി അംഗമായ മിതു സർദാറിന് നേരെയാണ് പ്രദേശത്തുണ്ടായിരുന്ന സ്ത്രീകൾ മുട്ടയെറിഞ്ഞത്.
ഷെയ്ഖ് ഷാജഹാന്റെ അടുത്ത അനുയായിയായ മിതു സർദാർ, തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം ഒളിവിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിരിച്ചെത്തിയെങ്കിലും വീട്ടിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസം സന്ദേശ്ഖലിയിലെ രാജ്ബാരി ബസാർ പ്രദേശത്ത് മിതു സർദാറിനെ കണ്ടപ്പോഴാണ് , സ്ത്രീകൾ വളഞ്ഞിട്ട് മുട്ടയേറ് നടത്തിയത്. മിതു സർദാർ പ്രദേശവാസികളെ പലപ്പോഴും ഭീഷണിപ്പെടുത്തിയതായും നാട്ടുകാർ പറഞ്ഞു. മാത്രമല്ല നിരവധി തവണ നാട്ടുകാരിൽ നിന്ന് ഇവർ പണം തട്ടിയെടുത്തിട്ടുമുണ്ട്.
തൃണമൂൽ കോൺഗ്രസിന് അധികാരം നഷ്ടമായതിന് പിന്നാലെ പലയിടങ്ങളിലായി ടി എം സി നേതാക്കൾക്ക് നേരെ ആക്രമണങ്ങളുണ്ടായിരുന്നു.

