കോട്ടയം ; ബിജെപിയിൽ നിന്ന് രാജി വച്ച നടൻ ദേവൻ തമിഴക വെട്രി കഴകം സംസ്ഥാന അധ്യക്ഷനായേക്കും. ഇത് സംബന്ധിച്ച് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണാൻ ദേവൻ ചെന്നൈയിലെത്തും. അവിടെ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാകും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീളാൻ കാരണം . ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി ഘടകങ്ങൾ രൂപീകരിക്കാൻ ടിവികെ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലെ ചിലരുമായി ടിവികെ ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ദേവൻ ബിജെപി വിട്ടത്.
ഇതോടെ ടിവികെ ദേവനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഫോണെടുത്തിരുന്നില്ല. തുടർന്ന് നടി പ്രിയങ്കയെ ബന്ധപ്പെട്ട് ദേവനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശ്രമം നടത്തുകയായിരുന്നു. മൂന്നു മാസം മുൻപ് ടിവികെയിൽ ചേരാനുള്ള താൽപര്യം അറിയിച്ച് പ്രിയങ്ക പാർട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു.
ദേവൻ ബിജെപിയിലുള്ള സമയത്തും അദ്ദേഹത്തെ ഒപ്പം ചേർക്കാൻ പദ്ധതിയുണ്ടായിരുന്നു . എന്നാൽ മറ്റൊരു പാർട്ടിയിൽ ആയതിനാലാണ് ചർച്ച നടത്താതിരുന്നതെന്നും ടിവികെ വൃത്തങ്ങൾ പറഞ്ഞു. ടിവികെ പ്രവേശനം കണ്ടല്ല രാജി പ്രഖ്യാപിച്ചതെന്നാണ് ദേവനും പറയുന്നത്.

