ന്യൂഡൽഹി ; മുംബൈ ഭീകരാക്രമണത്തിലെ ആറ് പ്രതികൾക്കെതിരെ അവരുടെ അസാന്നിധ്യത്തിൽ വിചാരണ ആരംഭിക്കാൻ നീക്കം . ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) നേതാവ് ഹാഫിസ് മുഹമ്മദ് സയീദ്, 26/11 ആക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന സാക്കി-ഉർ-റഹ്മാൻ ലഖ്വി എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
മുംബൈ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തി, തീവ്രവാദികൾക്ക് പിന്തുണ നൽകി എന്നീ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2023-ൽ ബിഎൻഎസ്എസ് നടപ്പിലാക്കിയതിനുശേഷം ഒരു ഭീകരവാദ കേസിൽ ആദ്യമായാണ് ഇത്തരത്തിൽ അസാന്നിധ്യ വിചാരണ നടക്കുന്നത്.
26/11 കേസ് പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി, ഹാഫിസ് മുഹമ്മദ് സയീദ്, സാക്കി-ഉർ-റഹ്മാൻ ലഖ്വി, സാജിദ് മിർ, അബു അൽഖാമ, അസിം എന്ന അബു കഹ്ഫ, മേജർ അബ്ദുർ റഹ്മാൻ പാഷ എന്നീ ആറ് പ്രതികൾക്കെതിരെ കേസെടുത്തു. ഓഗസ്റ്റ് 18-നകം ഹാജരാകാനും പരാതിയിൽ മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു. എങ്കിലും , അവസാന തീയതിക്കുള്ളിൽ പ്രതികളിൽ ആരും കോടതിയിൽ ഹാജരായില്ല.
കേസിലെ അടുത്ത വാദം കേൾക്കൽ ഓഗസ്റ്റ് 21 ന് നടക്കും. അന്ന്, ഈ ആറ് പ്രതികൾക്കെതിരെയും അസാന്നിധ്യത്തിൽ വിചാരണ ആരംഭിക്കണോ എന്ന് കോടതി തീരുമാനിച്ചേക്കാം. പ്രതികൾ ഹാജരായില്ലെങ്കിലും വിചാരണ അനിശ്ചിതമായി നിർത്തിവയ്ക്കാൻ കഴിയില്ല എന്നാണ് കോടതിയുടെ നിരീക്ഷണം . ഐപിസിയിലെ സെക്ഷൻ 356, ഒളിവിൽ കഴിയുന്നതോ സംസ്ഥാനത്തിന് പുറത്തുള്ളതോ ആയ പ്രതികളുടെ അഭാവത്തിൽ വിചാരണ നടത്താൻ വ്യവസ്ഥ ചെയ്യുന്നുണ്ട് . പ്രതി ഒളിവിൽ കഴിയുന്നതോ വിദേശത്ത് താമസിക്കുന്നതോ വഴി ജുഡീഷ്യൽ പ്രക്രിയ നീട്ടിക്കൊണ്ടുപോകുന്നത് തടയുക എന്നതാണ് ഈ വ്യവസ്ഥയുടെ ലക്ഷ്യം.
ഇത്തരം കേസുകളിൽ, നിർദ്ദിഷ്ട നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, പ്രതിയുടെ അഭാവത്തിൽ പോലും കോടതിക്ക് വിചാരണയുമായി മുന്നോട്ട് പോകാം. മുംബൈ കേസിൽ ഈ വ്യവസ്ഥ ഉപയോഗിക്കുന്നതിനെ പറ്റിയാണ് പരിഗണിക്കുന്നത് .
2008 നവംബർ 26 ന് രാത്രി ആരംഭിച്ച മുംബൈയിലെ ഭീകരാക്രമണങ്ങൾ നവംബർ 29 വരെ തുടർന്നു. ഹോട്ടൽ താജ്മഹൽ പാലസ് ആൻഡ് ടവേഴ്സ്, ഹോട്ടൽ ട്രൈഡന്റ്, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, നരിമാൻ ഹൗസ്, കാമ ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശം, കഫേ ലിയോപോൾഡ് എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങൾ . ഈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

