തൊടുപുഴ: മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാല് പേർ തൊടുപുഴയിൽ പിടിയിൽ . തെക്കുംഭാഗം ഏരിയ സെക്രട്ടറിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസും ആഷിക് ഒ എസ്, നിഹാൽ ഷഫീഖ്, അർഷിദ് എന്നിവരുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 18 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാത്രി തൊടുപുഴയിലൂടെ രണ്ട് വാഹനങ്ങളിലായി സഞ്ചരിക്കുകയായിരുന്നു നാലുപേരും . പോലീസ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി ടി എസ് ഷിയാസ് മത്സരിച്ചിരുന്നു.
തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന പ്രധാന സംഘമാണിതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ പ്രദേശത്ത് വിതരണത്തിനായി കൊണ്ടുവന്നതാണെന്നാണ് സൂചന. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

