ന്യൂഡൽഹി ; അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസമായി സുപ്രീം കോടതി വിധി . രാഹുൽ ഗാന്ധിയുടെ ഹർജിയിൽ അലഹബാദ് ഹൈക്കോടതിയിൽ നടക്കുന്ന അടുത്ത വാദം കേൾക്കലിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അലഹബാദ് ഹൈക്കോടതി ഉൾപ്പെടെയുള്ള ഒരു അതോറിറ്റിക്കും സമർപ്പിക്കരുതെന്ന് സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയോട് കോടതി നിർദ്ദേശിച്ചു.
സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കുന്നതിൽ ഹൈക്കോടതി പ്രഥമദൃഷ്ട്യാ പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി പറഞ്ഞു. ഓഗസ്റ്റ് 20 ന് നടക്കാനിരിക്കുന്ന വാദം മാറ്റിവയ്ക്കാൻ സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയോട് നിർദ്ദേശിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, കേസിൽ ഇപ്പോൾ തങ്ങൾക്ക് പങ്കില്ലെന്നും, പരാതിയിൽ തിരിച്ചറിയാവുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ അത് വളരെ ഗൗരവമുള്ള കാര്യമാണെന്നും കോടതിയെ അറിയിച്ചു
“വിഷയം വളരെ ഗൗരവമുള്ളതാണെങ്കിൽ, നിങ്ങളുടെ ഏജൻസി എന്തിനാണ് മൗനം പാലിച്ചത്? നിങ്ങൾ സ്വമേധയാ കേസെടുത്തിട്ടുണ്ടോ? “ എന്നും അന്വേഷണ ഏജൻസികളെ പ്രതിനിധീകരിച്ച അഭിഭാഷകനോട് ജസ്റ്റിസ് ബാഗ്ചി ചോദിച്ചു.
കർണാടക ബിജെപി പ്രവർത്തകൻ വിഘ്നേഷ് ശിശിർ ആണ് രാഹുൽ ഗാന്ധിക്കെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചതായി പരാതി നൽകിയത്. രാഹുൽ ഗാന്ധിയുടെ വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതായി പരാതിയിൽ പറയുന്നു.
ഇതിനെത്തുടർന്ന്, രാഹുൽ ഗാന്ധിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ, ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി മെയ് മാസത്തെ ഉത്തരവിൽ പ്രസ്താവിച്ചു. നിയമപ്രകാരം ഉചിതമായ നടപടിയെടുക്കാൻ സിബിഐക്കോ ഇഡിക്കോ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാൻ സിബിഐയോടും ഇഡിയോടും ഹൈക്കോടതി നിർദ്ദേശിച്ചു.
തുടർന്ന് രാഹുൽ ഗാന്ധി ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകി. തനിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങൾ അന്വേഷിക്കാൻ സിബിഐയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) നിർദ്ദേശിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹർജി.
രാഹുലിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നിരവധി ഹർജികൾ സമർപ്പിച്ച ആർഎസ്എസ് പ്രവർത്തകനാണ് ഹർജിക്കാരൻ എന്ന് വാദം കേൾക്കുന്നതിനിടെ രാഹുലിന് വേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞിരുന്നു.

