ബെംഗളൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിന് പിന്നിൽ ഡ്രൈവറുടെ കടുത്ത ക്ഷീണവും, വിശ്രമമില്ലാത്ത ജോലിയുമെന്ന് സൂചന. മൈസൂർ-ബാംഗ്ലൂർ ദേശീയപാതയിൽ ബിഡദിയ്ക്ക് സമീപമാണ് അപകടം . കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർബസാണ് അപകടത്തിൽപ്പെട്ടത് . കണ്ടക്ടർ കോഴിക്കോട് കോവൂർ സ്വദേശി എൻ എം അരുൺ, നടക്കാവ് വെള്ളയിൽ സ്വദേശി മിഥിലേഷ് എന്നിവരാണ് മരിച്ചത്.
20 ഓളം പേർക്ക് പരിക്കേറ്റു . ഇതിൽ നാലു പേരുടെ നില ഗുരുതരമാണ് . ഒരാളുടെ കാൽ അറ്റുപോയി. കണ്ടക്ടർ അരുൺ അപകട സ്ഥലത്തും, ഡ്രൈവർ മിഥിലേഷ് ആശുപത്രിയിലുമാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 10.30 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട ബസ് ശനിയാഴ്ച പുലർച്ചെ 6.40 ന് ബിഡദിയിൽ റോഡിനു സമീപത്തെ സൂചനാ ബോർഡിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു എന്നാണ് വിവരം.
ഡ്രൈവർ മിഥിലേഷിന് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നില്ലെന്ന് കെ എസ് ആർ ടി സി ജീവനക്കാർ ആരോപിക്കുന്നു. മൈസൂർ സർവീസ് കഴിഞ്ഞ് ഇന്നലെ പുലർച്ചെ തിരിച്ചെത്തിയ മിഥിലേഷിന് ആവശ്യത്തിന് വിശ്രമം ലഭിക്കും മുൻപ് രാത്രി 9.30 ന് ഡ്യൂട്ടിയ്ക്ക് കയറേണ്ടി വന്നു. 10 മണിക്കൂറോളം ഒരാൾ മാത്രം ഓടിക്കേണ്ട റൂട്ടാണിത്. കോഴിക്കോട് – ബെംഗളൂരു റൂട്ടിലെ മിക്ക ബസുകളും ‘ഡ്രൈവർ കം കണ്ടക്ടർ’ രീതി നിലനിൽക്കെ, രണ്ട് ബസുകളിൽ മാത്രം സിംഗിൾ ഡ്രൈവർ രീതി തുടരുകയായിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് സ്ഥിരം ജീവനക്കാർ ഈ ഡ്യൂട്ടി ഒഴിവാക്കുമ്പോൾ താൽക്കാലിക ഡ്രൈവർമാരെയാണ് കെ എസ് ആർ ടി സി ഇതിനായി നിയോഗിക്കുന്നത്.
റോഡരികിൽ സ്ഥാപിച്ചിരുന്ന ബോർഡിന്റെ തൂണിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത് . ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് നിഗമനം . സംഭവത്തിൽ കെ എസ് ആർ ടി സിയും, പൊലീസും അന്വേഷണം ആരംഭിച്ചു.

