തിരുവനന്തപുരം: വെള്ളപ്പൊക്ക മുന്നറിയിപ്പും , തുടർച്ചയായ മഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു. മുമ്പ് നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകളും സർവകലാശാല പരീക്ഷകളും മാറ്റമില്ലാതെ നടക്കും. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, മലപ്പുറം, തൃശൂർ, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കാസർകോട്, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത് . കണ്ണൂരിലെ മൂന്ന് താലൂക്കുകളിലും ഇടുക്കി, വയനാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
പത്തനംതിട്ടയിൽ കനത്ത മഴയും വെള്ളപ്പൊക്കം ബാധിച്ച സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധിയായിരിക്കും. എങ്കിലും, നിശ്ചയിച്ചിട്ടുള്ള സർവകലാശാല, പിഎസ്സി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

