ബെംഗളൂരു : കാവേരി ജലം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13 ന് സംസ്ഥാനത്ത് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ്.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നഡ സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട് . വെള്ളം വേണ്ടെന്ന് പറയാതെ വിജയ് ബെംഗളൂരുവിൽ പ്രവേശിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ നിലപാട് . അദ്ദേഹം വന്നാൽ വിമാനത്താവളത്തിൽ തടയുമെന്നും സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, വിജയ്യുടെ ‘ജന നായകൻ’ ചിത്രത്തിനെതിരെയും കർണാടകയിൽ കടുത്ത പ്രതിഷേധമുണ്ട്. ഇതിനെത്തുടർന്ന് പലയിടത്തും ചിത്രത്തിന്റെ പ്രദർശനം നിർത്തിവച്ചിട്ടുണ്ട്. കർണാടകയിലെ മാണ്ഡ്യയിലെ ചില തിയേറ്ററുകൾ ചിത്രത്തിന്റെ മുമ്പ് നിശ്ചയിച്ചിരുന്ന ഷോകൾ റദ്ദാക്കി.
കാവേരി നദീ ജല തർക്കത്തിന്റെ പശ്ചാത്തലത്തിൽ കന്നഡ അനുകൂല സംഘടനകൾ മാണ്ഡ്യയിൽ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണ് നടപടി. പ്രതിഷേധക്കാർ ചിത്രത്തിന്റെ പോസ്റ്ററുകൾ വലിച്ചുകീറി തിയേറ്ററുകൾക്ക് മുന്നിൽ പ്രതിഷേധം നടത്തി. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഷോകൾ നിർത്തലാക്കിയതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കർണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗം നടക്കില്ലെന്നാണ് സൂചന . കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇപ്പോൾ വിജയ്യെ കാണേണ്ടതില്ലെന്ന് തീരുമാനിച്ചു. നിലവിൽ ചർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യമില്ലെന്നും തിങ്കളാഴ്ചത്തെ യോഗം മാറ്റിവയ്ക്കണമെന്നും ശിവകുമാർ വിജയ്യെ അറിയിക്കും.
സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനാണെന്ന് ഡി.കെ. ശിവകുമാർ പ്രതികരിച്ചു. ഈ വിഷയത്തിൽ അടുത്ത നിലപാട് സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

