തിരുവനന്തപുരം : കാപ്പ നിയമപ്രകാരം ജയിലിലായ ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി കത്ത് നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണെന്ന് ചെന്നിത്തല പറഞ്ഞു. സുഗതന് അയോഗ്യത ഒഴിവാക്കാനുള്ള മാർഗം നിർദ്ദേശിച്ച കത്തിനെ പറ്റി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ജയിൽ വകുപ്പിൽ നിന്നുള്ള കത്ത് ജയിൽ സൂപ്രണ്ട് വഴിയാണ് സുഗതൻ നേടിയത് . കോർപ്പറേഷൻ കൗൺസിലിൽ അവധി അപേക്ഷ സമർപ്പിക്കാൻ ജയിൽ വകുപ്പാണ് അനുമതി നൽകിയത്. സുഗതന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അയോഗ്യത ഒഴിവാക്കാൻ അവധി അപേക്ഷ സമർപ്പിച്ച് കൗൺസിൽ വോട്ടിലൂടെ അംഗീകാരം നേടിയാൽ മതിയെന്നും കത്തിൽ പറഞ്ഞിരുന്നു. അതനുസരിച്ച്, കൗൺസിൽ യോഗത്തിൽ സുഗതന്റെ അവധി അപേക്ഷ അവതരിപ്പിക്കുകയും 51 അംഗങ്ങളുടെ പിന്തുണയോടെ അംഗീകരിക്കുകയും ചെയ്തു.
യു.ഡി.എഫ് അംഗങ്ങൾ ഈ നീക്കത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പേരിൽ അണ്ടർ സെക്രട്ടറി ഒപ്പിട്ട കത്ത് തന്റെ അറിവില്ലാതെയാണ് നൽകിയതെന്നാണ് രമേശ് ചെന്നിത്തല പറയുന്നത് . സുഗതനെ പിന്തുണയ്ക്കുന്ന ഇത്തരമൊരു കത്ത് എങ്ങനെ, ആരുടെ നിർദ്ദേശപ്രകാരമാണ് തയ്യാറാക്കിയതെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

