മലയാള മാസങ്ങളിൽ ഏറ്റവും അവസാനത്തെ മാസമാണ് കർക്കടകം. കേരളത്തെ സംബന്ധിച്ച് കർക്കടകം എന്നാൽ അൽപ്പം കുഴപ്പം പിടിച്ച മാസമാണ്. പഞ്ഞമാസം എന്നാണ് കർക്കടകം പൊതുവെ അറിയപ്പെടുന്നത്. രാമായണ മാസമെന്നും അറിയപ്പെടാറുണ്ട്. അതിശക്തമായ മഴ ഈ കർക്കടകമാസത്തിന്റെ പ്രത്യേകതയാണ്. പുറത്തിറങ്ങാനാവാത്ത വിധം പെയ്യുന്ന മഴ തൊഴിൽ ചെയ്യുന്നവർക്കും കർഷകർക്കും ഒട്ടും ഗുണം ചെയ്യാറില്ല. ചുരുക്കിപറഞ്ഞാൽ വരുമാനമില്ലാത്തതും സമൃദ്ധിയില്ലാത്തതുമായ കാലമാണ് കർക്കടകം എന്നർത്ഥം.
അതേസമയം ഹൈന്ദവ വിശ്വാസികൾക്ക് ക്ഷേത്ര ദർശനങ്ങളുടെയും ആരോഗ്യസംരക്ഷണത്തിന്റെയും മാസം കൂടിയാണ് കർക്കടകം എന്നതും ശ്രദ്ധേയമാണ്. കർക്കടമാസത്തിലെ നാലമ്പല ദർശനം പുണ്യമേകുമെന്നാണ് വിശ്വാസം. മറ്റ് ക്ഷേത്രങ്ങളിലും ആളുകൾ ദർശനം നടത്താറുണ്ട്. കർക്കടക മാസത്തിൽ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ മലയാളി കുടുംബങ്ങൾക്ക് പ്രത്യേക ചിട്ടയുണ്ട്.
രാമായണ മാസം ആയതിനാൽ ചില ഭാഗങ്ങളിൽ ഒരു മാസക്കാലം മത്സ്യവും മാംസവും പൂർണമായും ഒഴിവാക്കാറുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഈ ചിട്ട പാലിക്കാറില്ല. മാത്രവുമല്ല ദേഹരക്ഷയുടെ ഭാഗമായി നാടൻ കോഴിയിറച്ചിയും ആട്ടിറച്ചിയും കഴിക്കാറുണ്ട്. കർക്കടകമാസത്തിൽ താരം ഔഷധക്കഞ്ഞിയാണ്. മഴക്കാലം രോഗങ്ങളുടെ കാലം കൂടിയായതിനാൽ ഔഷധക്കഞ്ഞി ഇതിൽ നിന്നെല്ലാം ശരീരത്തെ സംരക്ഷിക്കുന്നു. ആളുകൾ ഉഴിച്ചിൽ ഉൾപ്പെടെയുള്ള സുഖ ചികിത്സ നടത്തുന്നതും കർക്കട മാസത്തിലാണ്.
രക്ഷയുടെ ഭാഗമായി കർക്കടകത്തിൽ ഇലക്കറികൾ ധാരാളം കഴിക്കണമെന്നാണ് പ്രമാണം. ചീരയും, മത്തനിലയും, പയറിലയുമെല്ലാം കർക്കടകത്തിൽ കറിവച്ച് കഴിക്കാറുണ്ട്. താളും തകരയും എന്തിന് കൊടിത്തൂവവരെയും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ വളരെയധികം ആരോഗ്യഗുണമുള്ള, നമ്മൾ അടിയ്ക്കടി ഭക്ഷിക്കുന്ന ഒരില മാത്രം കർക്കടകത്തിൽ കഴിക്കാൻ പാടില്ല എന്നാണ് വിശ്വാസം.
മുരിങ്ങയിലയാണ് രാമായണ മാസത്തിൽ നമ്മൾ തീൻമേശയിൽ നിന്നും മാറ്റി നിർത്തുന്ന ഇല. കർക്കടകത്തിൽ മുരിങ്ങയില കഴിക്കാൻ പാടില്ലയെന്നാണ് പഴമക്കാർ പറയുന്നത്. ഈ മാസത്തിൽ മുരിങ്ങ അന്തരീക്ഷത്തിൽ നിന്നും വിഷാംശം മുഴുവൻ ആഗിരണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇലകൾ അന്തരീക്ഷത്തിലെയും വേരുകൾ മണ്ണിലെയും വിഷാംശം വലിച്ചെടുക്കും. അതിനാൽ മുരിങ്ങ ഭക്ഷിച്ചാൽ അത് ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു.
കർക്കടമാസത്തിൽ മുരിങ്ങയെ മാറ്റിനിർത്തുന്നതിന് ശാസ്ത്രീയ വശംകൂടിയുണ്ട്. മഴക്കാലത്ത് നമ്മുടെ ശരീരത്തിന് ദഹനശക്തി കുറവായിരിക്കും. അതിനാൽ മുരിങ്ങ കഴിച്ചാൽ അത് ദഹിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. മുരിങ്ങയിൽ സെല്ലുലോസ് വളരെ കൂടുതലാണ്. തണുപ്പുള്ള അന്തരീക്ഷത്തിൽ ഇത് ദഹിപ്പിക്കുക എന്നത് ശരീരത്തിന് വളരെ പ്രയാസകരമാണ്. അതിനാലാണ് മുരിങ്ങ കർക്കടകത്തിൽ ഒഴിവാക്കണമെന്ന് പറയുന്നത്.

