ലിമെറിക്ക്: കാപ്പമോർ പൊതു ജലവിതരണ സംവിധാനത്തിൽ നിന്നുമുള്ള ജലം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. നന്നായി തിളപ്പിച്ചതിന് ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂവെന്ന് ഉയിസ് ഐറാൻ നിർദ്ദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് മുന്നറിയിപ്പ്.
കാപ്പമോർപ്ലാന്റിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ അണുനശീകരണവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതേ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തിൽ വെള്ളം 2,400 ഓളം ഉപഭോക്താക്കളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. പ്ലാന്റിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതുവരെ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂവെന്നാണ് നിർദ്ദേശം.

