ലക്നൗ : ഉത്തർപ്രദേശിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ ചിൻഹട്ട് ശാഖയിൽ വൻ കവർച്ച . നാല് മണിക്കൂറിനുള്ളിൽ 42 ലോക്കറുകൾ തകർത്ത് കോടികൾ വിലമതിക്കുന്ന ആഭരണങ്ങളാണ് കവർന്നത് . സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത് . സാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് ഇവരെ പിടികൂടിയത് .
നാലംഗ സംഘമാണ് ബാങ്കിന്റെ മതിൽ ചാടി അകത്ത് കയറിയത് . ഇതിന് ശേഷം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് 42 ലോക്കറുകൾ മുറിച്ച് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും രേഖകളും കവർന്നു. ഞായറാഴ്ച രാത്രിയാണ് കവർച്ച നടന്നത് .സമീപത്തെ കടയുടമയാണ് രാവിലെ ബാങ്കിന്റെ മതിൽ തകർന്ന നിലയിൽ കണ്ടത് .
തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ബാങ്കിനുള്ളിൽ പരിശോധിച്ചപ്പോൾ 90 ലോക്കറുകളിൽ 42 എണ്ണം വെട്ടി തകർത്ത നിലയിൽ കണ്ടെത്തി. ഈ ലോക്കറുകളിൽ കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും രേഖകളും ഉണ്ടായിരുന്നു.അതേസമയം ബാങ്കിലെ സിസിടിവി വർക്കിംഗ് അല്ലെന്നും സൂചനയുണ്ട്.
മോഷ്ടാക്കളെ പിടികൂടാൻ പോലീസിൻ്റെ ക്രൈംബ്രാഞ്ച് ഉൾപ്പെടെ 8 സംഘങ്ങളെ രൂപീകരിച്ചതായി ഡിസിപി ശശാങ്ക് സിംഗ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ മോഷ്ടാക്കളുമായി ഏറ്റുമുട്ടൽ ഉണ്ടായത്. മോഷ്ടാക്കളിൽ ഒരാളായ അരവിന്ദ് കുമാറിന് വെടിയേറ്റ് പരിക്കേറ്റത്. കാലിനാണ് വെടിയേറ്റത്. അരവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബീഹാറിലെ മുംഗർ സ്വദേശിയാണ് അരവിന്ദ്.