തിരുവനന്തപുരം ; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബവും , കൂട്ടപ്പന വാർഡ് കൗൺസിലറും. അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പൊലീസ് പരിശോധിക്കും.
52 കാരനായ രാജേഷ് കുമാറാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ ചികിത്സ ലഭിക്കാതെ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും അരമണിക്കൂറോളം ക്യൂവിൽ നിർത്തിയെന്നും കുടുംബം ആരോപിച്ചു. ആദ്യഘട്ടത്തിൽ മൃതദേഹം ബന്ധുക്കൾ സ്വീകരിച്ചിരുന്നില്ല. ബന്ധുക്കളും, ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി.
പരാതിയിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ഇടപെട്ടിരുന്നു. സംഭവത്തെ പറ്റി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനും നിർദേശം നൽകി. ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ട സാഹചര്യമുണ്ടായാൽ അതെ കുറിച്ച് അന്വേഷിക്കുമെന്നും കാരണക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
അതേസമയം ചികിത്സ വൈകാൻ കാരണം സെക്യൂരിറ്റി ജീവനക്കാരൻ ആണെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ അന്വേഷണ വിധേയമായി സെക്യൂരിറ്റി ജീവനക്കാരനെ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു.

