ന്യൂഡൽഹി : ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെ പരിഹസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി . തനിക്ക് അദ്ദേഹത്തിന്റെ പേര് പോലും അറിയില്ലെന്നാണ് രേവന്തിന്റെ പരിഹാസം . മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തെലങ്കാനയിൽ നിതിൻ എത്തിയിരുന്നു . അടുത്ത തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും നിതിൻ നബീൻ അവകാശപ്പെട്ടിരുന്നു . അതിനു പിന്നാലെയാണ് കർഷക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ രേവന്ത് റെഡ്ഡിയുടെ പരിഹാസം.
ബിജെപിയെ തെലങ്കാനയിൽ തലയുയർത്താൻ അനുവദിക്കില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ‘ അടുത്തിടെ ഒരാൾ ഇവിടെ വന്നു – നവീൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പേര് എന്തായാലും; എനിക്ക് അദ്ദേഹത്തിന്റെ പേര് കൃത്യമായി അറിയില്ല . പക്ഷേ അദ്ദേഹം ഇവിടെ വന്ന് പറഞ്ഞു, ‘അടുത്ത സർക്കാർ നമ്മുടേതായിരിക്കും’. പശ്ചിമ ബംഗാളിനെക്കുറിച്ചും നിങ്ങൾ ഇതേ കാര്യം പറഞ്ഞു. പശ്ചിമ ബംഗാളിൽ 15 വർഷം എടുത്തു. മമത ബാനർജി കാരണം നിങ്ങളുടെ തന്ത്രങ്ങൾ അവിടെ വിജയിച്ചിരിക്കാം, പക്ഷേ ഇവിടെ, ഞങ്ങളുടെ ആളുകൾ തയ്യാറാണ്, അവർ നിങ്ങളെ തകർക്കും.” രേവന്ത് റെഡ്ഡി പറഞ്ഞു.
ഇതിന് മറുപടിയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് രംഗത്തെത്തി . “അഹങ്കാരത്തിന്റെ പാരമ്യത പ്രകടമാണ് . വാക്കുകൾ നോക്കൂ. ഒരു യഥാർത്ഥ കോൺഗ്രസുകാരൻ.” എന്നാണ് സന്തോഷിന്റെ എക്സിലെ കുറിപ്പ്.
തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ പാർട്ടി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി നിതിൻ നബീൻ പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ ഭരണകക്ഷി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാനും തെലങ്കാനയിലുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും പാർട്ടി നേതാക്കളോടും പ്രവർത്തകരോടും നിതിൻ നബീൻ അഭ്യർത്ഥിച്ചിരുന്നു.

