തിരുവനന്തപുരം : 27 കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊടിയണിവിള വീട്ടിൽ അഭിലാഷിന്റെ ഭാര്യയും തമിഴ്നാട് സ്വദേശിയുമായ വിഘ്നേശ്വരിയെയാണ് വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിനു സമീപത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ-കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. ഇന്നലെ വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു.
വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർതൃപിതാവ് വാതിൽ പൂട്ടിയിരിക്കുന്നതായി കണ്ട് അയൽക്കാരന്റെ സഹായത്തോടെ ജനൽ തുറന്നപ്പോഴാണ് വിഘ്നേശ്വരിയുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരൻ വിജു നൽകിയ പരാതിയെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. രണ്ട് ദിവസം മുൻപാണ് വിഘ്നേശ്വരിയും , അഭിലാഷും രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത്. മകൾക്ക് ഭർതൃവീട്ടുകാരിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വന്നതായി വിഘ്നേശ്വരിയുടെ കുടുംബം ആരോപിച്ചു.
അഭിലാഷിന്റെ കുടുംബം പൊതുവെ ഒരു പ്രശ്നത്തിലും ഇടപെടാറില്ലെന്ന് വാർഡ് കൗൺസിലർ സുധീർ ഖാൻ പറഞ്ഞു. കുടുംബത്തിനുള്ളിൽ പ്രശ്നങ്ങൾ ഉള്ളതായി അയൽക്കാർക്ക് പോലും അറിയില്ല. സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

