ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ കത്തിയാക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന സ്റ്റീഫൻ ഒഗിൽവിയുടെ ആരോഗ്യനിലയിൽ പുരോഗതി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കുകൾ ഗുരുതരമായതിനാൽ കുറച്ചുനാൾ കൂടി അദ്ദേഹത്തിന് ആശുപത്രിയിലെ ചികിത്സ ആവശ്യമാണ്. കുടുംബമാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്.
സ്റ്റീഫന് മുഖത്തും കഴുത്തിനും പുറത്തുമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. ആക്രമണത്തിൽ ഇടത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം സ്റ്റീഫന്റെ ചികിത്സയ്ക്കും മറ്റുമായി ഇതിനോടകം തന്നെ 36,000 പൗണ്ടിലധികം സമാഹരിച്ചുകഴിഞ്ഞു.

