കൊളംബോ ; പ്രവാചക നിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ ഹിന്ദു കുടിയേറ്റ തൊഴിലാളി അനോജൻ ശിവരാസയുടെ ശിക്ഷാവിധി സൗദി അറേബ്യൻ സുപ്രീം കോടതി റദ്ദാക്കി. ശ്രീലങ്കയുടെ നിരന്തരമായ നയതന്ത്ര-നിയമപരമായ ഇടപെടലുകളെത്തുടർന്നാണ് നടപടി
ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അവഹേളിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് കമന്റ് ഇട്ടെന്നാരോപിച്ചാണ് അനോജൻ ശിവരാസ എന്ന യുവാവിന് വധശിക്ഷ വിധിച്ചത്. ഒക്ടോബർ 13-ന് സൗദി സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .
ജൂൺ അവസാനത്തോടെ ശ്രീലങ്കയിൽ നടന്ന ഹിന്ദു തീർത്ഥാടനയാത്രയ്ക്കിടെയുണ്ടായ സംഭവമാണ് 24-കാരനായ ശിവരാസയുടെ ജീവിതത്തിൽ ദുരിതങ്ങൾക്ക് കാരണമായത്. ഹിന്ദു തീർത്ഥാടകരെ അനുഗമിച്ച നായയെ മുസ്ലീം യുവാവ് ചവിട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും രൂക്ഷമായ തർക്കത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
ഈ ഓൺലൈൻ തർക്കത്തിനിടെ, ഒരു ഉപയോക്താവ് ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തി. ഇതിന് മറുപടിയായി ശിവരാസ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് തമിഴിൽ കമന്റ് രേഖപ്പെടുത്തി. പിന്നീട് അദ്ദേഹം ആ കമന്റ് നീക്കം ചെയ്യുകയും മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
കമന്റ് നീക്കം ചെയ്തെങ്കിലും അതിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയുണ്ടായി. ശ്രീലങ്കയിലുള്ള ചിലർ സൗദി അറേബ്യയിലെ ശിവരാസയുടെ തൊഴിലുടമയ്ക്ക് ഇമെയിൽ അയച്ചതായും, ഇതേത്തുടർന്ന് അധികൃതർ വിവരം അറിയുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരൻ ഹംസിദാൻ പറഞ്ഞു. തുടർന്ന് ശിവരാസയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്യുകയും ചെയ്തു.
ആ ഫേസ്ബുക്ക് കമന്റിന്റെ പേരിൽ ജൂലൈ 15-ന് അൽ-അഹ്സ ക്രിമിനൽ കോടതി അദ്ദേഹത്തിന് അഞ്ച് വർഷം തടവും 30 ലക്ഷം സൗദി റിയാൽ പിഴയും വിധിച്ചിരുന്നു. പിന്നീട് ശിക്ഷ വധശിക്ഷയായി ഉയർത്തുകയായിരുന്നു. ശിക്ഷ ഇളവ് അഭ്യർത്ഥിച്ച് റൗഫ് ഹക്കീം, റിഷാദ് ബതിയൂദീൻ, വി. രാധാകൃഷ്ണൻ, ജീവൻ തൊണ്ടമാൻ, സെൽവം അടൈക്കലനാഥൻ, ഷാനക്യൻ രാസമാണിക്യം എന്നീ ആറ് തമിഴ്, മുസ്ലീം എംപിമാർ സെപ്റ്റംബർ 24-ന് സൗദി വിദേശകാര്യ മന്ത്രിക്ക് കത്തെഴുതിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
രാമന്ന മഹാ നിക്കായ, അമരപുര മഹാ നിക്കായ എന്നിവിടങ്ങളിലെ മഹാനായക തേരോമാരും (മുതിർന്ന ബുദ്ധമത സന്യാസിമാർ) മറ്റ് ഹിന്ദു മതനേതാക്കളും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ പ്രസിഡന്റിന് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.

