ഡബ്ലിൻ: അയർലൻഡിൽ കുതിരവണ്ടികളുടെ ഉപയോഗം പൂർണമായി നിരോധിക്കണമെന്ന് ആവശ്യം. നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് ആണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
തിരക്കേറിയ റോഡുകളിൽ കുതിരകളെ അപകടകരമായ സാഹചര്യങ്ങളിൽ നിർത്തരുതെന്നാണ് ഇവരുടെ ആവശ്യം. വിഷയത്തിൽ സംഘടന സർക്കാരിന് നിവേദനവും നൽകിയിട്ടുണ്ട്. ഏകദേശം 9000 പേർ പിന്തുണച്ച നിവേദനമാണ് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ മാസം ടിപ്പററിയിലെ ക്ലോൺമെലിൽ കുതിര കാറുമായി കൂട്ടിയിടിച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടന ആവശ്യവുമായി രംഗത്ത് എത്തിയത്.

