ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ലൈംഗികാതിക്രമത്തിന് ഇരയായ മൂന്ന് വയസ്സുകാരി മരിച്ചു. സംഭവത്തിൽ ബീഹാറിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ബീഹാറിൽ നിന്നുള്ള തൊഴിലാളികളുടെ കുട്ടിയാണ് മരിച്ചത്. കുടുംബം ഗുമ്മിഡിപൂണ്ടിയിലെ സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് താമസിച്ചിരുന്നത്.
ഇന്നലെയാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് മരണം സംഭവിച്ചു. പ്രതിക്ക് കുട്ടിയെ അറിയാമായിരുന്നുവെന്നും ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കുറ്റകൃത്യത്തിൽ ഒന്നിലധികം പേർ പങ്കെടുത്തിട്ടുണ്ടെന്ന വാദങ്ങൾ പോലീസ് തള്ളിക്കളഞ്ഞു. “ഇത് കൂട്ടബലാത്സംഗ കേസല്ല. ഒരാൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ,” എന്നും പൊലീസ് വ്യക്തമാക്കി. പോക്സോ നിയമപ്രകാരമാണ് പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മരണത്തോടെ, കൊലപാതകക്കുറ്റം കൂടി ചേർക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തമിഴ്നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ അടുത്തിടെ വർദ്ധിച്ചുവരികയാണ് . അധികാരമേറ്റതിന് തൊട്ടുപിന്നാലെ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും സംരക്ഷണം വർദ്ധിപ്പിക്കുന്നതിനായി സിംഗപ്പെണ്ണ് എന്ന പേരിൽ ഒരു പ്രത്യേക വനിതാ സുരക്ഷാ സേന രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചിരുന്നു . ഈ സംരംഭം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഔദ്യോഗികമായി ആരംഭിക്കുകയും ചെയ്തിരുന്നു.

