ചെന്നൈ : പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മകൻ മനോജ് ഭാരതിരാജയുടെ മരണത്തെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു അദ്ദേഹം.
തമിഴ് ഗ്രാമങ്ങളുടെ തുടിപ്പും, ഉയിരും സിനിമകളിലൂടെ ഒരു തലമുറയിലേയ്ക്കെത്തിച്ച സംവിധായകനാണ് ഭാരതിരാജ. 1977 ൽ കമൽഹാസൻ, ശ്രീദേവി, രജനികാന്ത് എന്നിവർ അഭിനയിച്ച 16 വയതിനിലേ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം . 2004 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.
2013 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായിരുന്നു ഭാരതിരാജ. അടുത്തിടെ മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററായി അദ്ദേഹം എത്തിയിരുന്നു. സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. 2020 ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ ‘മീണ്ടും ഒരു മര്യാദൈ’ പുറത്തിറങ്ങിയത്.
ചന്ദ്രലീലാവതിയാണ് ഭാര്യ . മനോജിനെ കൂടാതെ ജനനി എന്നൊരു മകൾ കൂടിയുണ്ട് ഭാരതിരാജയ്ക്ക് . മരുമകൾ നന്ദന .

