ചെന്നൈ : പുതിയ രാഷ്ട്രീയ മൂവ്മെന്റ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ . പാർട്ടിയിൽ നിന്ന് രാജിവച്ചതിനു പിന്നാലെയാണ് വാർത്താ സമ്മേളനത്തിൽ അണ്ണാമലൈയുടെ പുതിയ പ്രഖ്യാപനം. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം . www.wetheleader.org എന്ന സൈറ്റിൽ വോളന്റിയറായി രജിസ്റ്റർ ചെയ്ത് അണ്ണാമലൈ പുതുതായി തുടങ്ങുന്ന മൂവ്മെന്റിന്റെ ഭാഗമാകാം . രാഷ്ട്രീയ നിലപാടുകളും, എത്തിക്സും പഠിപ്പിക്കാൻ കോയമ്പത്തൂരിൽ എ പി ജെ അബ്ദുൾ കലാം സെന്റർ ഫോർ പൊളിറ്റിക്സ് ആരംഭിക്കും.
എല്ലാവരെയും ചേർത്ത് തമിഴ്നാടിനു ചേരുന്ന വിധത്തിലുള്ള രാഷ്ട്രീയമാണ് രൂപപ്പെടുത്തുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. രാഷ്ട്രീയ പാർട്ടിയായി മാറി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും . ഇതിനായി പ്രാദേശിക തലത്തിൽ രാഷ്ട്രീയ നേതാക്കളെ രൂപപ്പെടുത്താനാണ് പ്രഥമ പരിഗണന . പാർട്ടിയായി മാറുമ്പോൾ കൃത്യമായ മാനദണ്ഡമുണ്ടാക്കുമെന്നും , ഒരാൾക്കും എപ്പോഴും കസേരയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രനേതൃത്വവുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ബിജെപി തനിച്ച് മത്സരിക്കണമെന്ന് പല തവണ തുറന്ന് പറഞ്ഞു. ഇക്കാര്യം പല വട്ടം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ബിജെപിയെ എതിർക്കുന്നില്ലെന്നും, എന്നാൽ തമിഴ്നാടിന് ദോഷമായത് ആര് ചെയ്താലും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലപാടുകൾ ഒത്തുപോകാത്തതിനാലാണ് രാജി വയ്ക്കുന്നതെന്നാണ് ബിജെപി നേതൃത്വത്തിന് നൽകിയ കത്തിൽ അണ്ണാമലൈ വ്യക്തമാക്കിയിരിക്കുന്നത് .
‘ തമിഴ്നാടിന്റെ വളർച്ചയിലും , സംസ്ക്കാരത്തിലും ഊന്നിയ എന്റെ ചിന്തകളാൽ പാർട്ടിയ്ക്ക് ഭാരമായിരിക്കാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ 18 വർഷത്തിനിടെ ബിജെപിയുമായുള്ള വിയോജിപ്പുകൾ പല തവണ നേതൃത്വത്തെ അറിയിച്ചിരുന്നു.തമിഴ്നാടിന്റെ സംബന്ധിച്ചുള്ള നമ്മുടെ നിലപാടുകൾ ഒത്തുപോകുന്നതല്ലെന്ന് മുതിർന്ന നേതാക്കളുമായുള്ള എന്റെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മനസിലായി ‘ എന്നും അണ്ണാമലൈ രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു.

