തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന് കോടതി. സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരാമർശം.
പെട്ടെന്നുണ്ടായ ആക്രമണമല്ല ഇതെന്നും, ആസൂത്രിതമായി നടത്തിയതാണെന്നുമുള്ളതിന് തെളിവുണ്ട്. വാടക കാറുകൾ നശിപ്പിച്ചത് പൊതുമുതൽ നശിപ്പിച്ച വകുപിൽ വരുമെന്നും കോടതി വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങൾക്ക് എതിരായ അക്രമമാണ് നടന്നിരിക്കുന്നത് . പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും, ഇനിയും ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള പ്രോത്സാഹനമാകുമെന്നും കോടതി ഉത്തരവിൽ പറയുന്നു.
മാധ്യമങ്ങളിലൂടെ ഈ നാട് മുഴുവൻ പ്രതികളുടെ കുറ്റകൃത്യം കണ്ടതാണ് . സമൂഹത്തിന് ഞെട്ടലുണ്ടാക്കിയ സംഭവമാണിത്. അപൂർവ കേസായാണ് ഇത് പരിഗണിക്കേണ്ടത്. അക്രമത്തിന് ഇരയായവർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് നേരെ കണ്ണടയ്ക്കായി ആകില്ല. ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശം തന്നെയാണ് പ്രതികൾക്ക് ഉണ്ടായിരുന്നതെന്നും കോടതി പറയുന്നു.

