കൊൽക്കത്ത : ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്ക്ക് ഭീഷണി. ബിക്രം സൗക്കിയ്ക്കാണ് പാകിസ്ഥാനിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും വധഭീഷണികൾ വരുന്നത് . പരാതിയെ തുടർന്ന് അദ്ദേഹത്തിന് പൊലീസ് സുരക്ഷ ഒരുക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ 19 നാണ് ജാർഗ്രാം സ്വദേശിയായ ബിക്രം സൗക്കിയയുടെ കടയിൽ മോദി എത്തിയത് . പൊതുയോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ പെട്ടെന്ന് ബിക്രത്തിന്റെ കടയിലേയ്ക്ക് ചെല്ലുകയായിരുന്നു മോദി. തുടർന്ന് ലഘുഭക്ഷണമായ ഝാൽമുരി വാങ്ങി ആസ്വദിച്ച് കഴിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും വൈറലായി.
ബംഗാളിൽ ബിജെപി വിജയത്തിനെ ഝാൽമുരി ഇഫക്ട് എന്നും മോദി വിശേഷിപ്പിച്ചിരുന്നു. എന്നാലിപ്പോൾ ഈ പ്രശസ്തിയാണ് ബിക്രത്തിനെ ഭയപ്പെടുത്തുന്നത് . കഴിഞ്ഞ കുറച്ച് നാളുകളായി പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ബിക്രത്തിന് ഭീഷണികൾ വരുന്നുണ്ട്. കുടുംബത്തെ അടക്കം ഇല്ലാതാക്കുമെന്നാണ് ഭീഷണി. തുടർന്നാണ് ബിക്രം പൊലീസിൽ പരാതി നൽകിയത്.

