കാസർകോട് : സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം . നിലവിലെ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കിൽ പാർട്ടി തകർച്ച നേരിടേണ്ടിവരുമെന്നാണ് യോഗത്തിൽ നേതാക്കൾ മുന്നറിയിപ്പ് നൽകിയത് .പയ്യന്നൂരിലെ സംഘടനാ പ്രശ്നങ്ങളാണ് തൃക്കരിപ്പൂരിൽ പാർട്ടിയുടെ പരാജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് എന്നാണ് യോഗത്തിലെ വിലയിരുത്തൽ.
കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും ശക്തമായ വിമർശനം ഉയർന്നു. മുതിർന്ന നേതാക്കളുടെ പിന്തുണയിലൂടെ പാർട്ടിയിൽ ഉയർന്നുവന്ന അമുൽ ബേബിയാണ് കെ കെ രാഗേഷ് എന്നാണ് ആരോപണം . സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കാനും ആഹ്വാനമുണ്ടായിരുന്നു. പി. ജയരാജനും കെ.കെ. ശൈലജയും പാർട്ടിയുടെ നേതൃമുന്നണിയിലേക്ക് മടങ്ങി എത്തണമെന്ന ആവശ്യം യോഗത്തിൽ ഉണ്ടായി.
കോഴിക്കോട് നടന്ന സിപിഎം ഏരിയ കമ്മിറ്റി യോഗങ്ങളിലും പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നു . തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കോൺഗ്രസ് പ്രചാരണത്തിനായി എത്തിയ സമയത്ത് പിണറായി വിജയൻ നടത്തിയ ‘ ഡാഷ് മോനേ ‘ തുടങ്ങിയ വിവാദ പരാമർശങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതികൂലമായി ബാധിച്ചുവെന്ന് നേതാക്കൾ പറഞ്ഞു.
പ്രചാരണ വേളയിൽ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രാദേശിക നേതാക്കൾ പറയുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിലും എതിർപ്പുണ്ട്. പിണറായി പ്രതിപക്ഷ നേതാവായി തുടർന്നാൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് ചില അംഗങ്ങൾ പറഞ്ഞു. തളിപ്പറമ്പിൽ പി കെ ശ്യാമളയെയും പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനെയും മത്സരിപ്പിച്ചതിനെതിരെയും വിമർശനമുണ്ടായി . കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ പാർട്ടിക്ക് ഇത്രയും തിരിച്ചടി നേരിടേണ്ടിവരില്ലായിരുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.

