ഡബ്ലിൻ: കേരളക്കരയ്ക്ക് അഭിമാനമായി ഐറിഷ് മലയാളി വിദ്യാർത്ഥിനി ആര്യ സതീഷ്. ആഗോള പരിസ്ഥിതി സുസ്ഥിരതാ മത്സരത്തിൽ യൂറോപ്പിൽ നിന്നുള്ള വിജയി ആയി. ഡൊണഗലിലെ ലെറ്റർകെന്നിയിൽ നിന്നുള്ള വിദ്യാർത്ഥിനിയാണ് ആര്യ.
ആഗോള മത്സരമായ ദി എർത്ത് പ്രൈസ് 2026 ലെ ഏഴ് പ്രാദേശിക വിജയികളിൽ ഒരാളാണ് ആര്യ. 13 നും 19 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ആയിരുന്നു ആര്യയുടെ നേട്ടം. ഇക്കോ പർജ് എന്ന കണ്ടുപിടിത്തമാണ് ആര്യയെ നേട്ടത്തിന് ഉടമയാക്കിയത്. പരിസ്ഥിതിയിൽ നിലവിലുള്ള മൈക്രോ പ്ലാസ്റ്റിക്കുകളെ നീക്കം ചെയ്യുന്നതിനുള്ള ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ആണ് ഇക്കോ പർജ്. നിലവിലെ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏറ്റവും അനുയോജ്യമായ കണ്ടുപിടിത്തമായാണ് ആര്യയുടെ കണ്ടുപിടിത്തത്തെ വിലയിരുത്തിയത്. 12,500 ഡോളറാണ് വിജയിയായ ആര്യയ്ക്ക് ലഭിക്കുക. ഈ തുക തന്റെ ഗവേഷണത്തിന് വേണ്ടി ഉപയോഗിക്കാനാണ് ആര്യയുടെ തീരുമാനം.

