മുംബൈ: നാസിക് ടി സി എസിലെ നിർബന്ധിത മതപരിവർത്തനം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദാ ഖാൻ പിടിയിൽ. കേസ് രജിസ്റ്റർ ചെയ്ത് 40 ദിവസത്തിന് ശേഷമാണ് നിദാ ഖാൻ പിടിയിലാകുന്നത് . ഛത്രപതി സംഭാജി നഗറിലെ നരേഗാവ് പ്രദേശത്ത് നിന്നാണ് നിദാഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ നാസിക്കിലേക്ക് മാറ്റി.
ഒളിവിൽ കഴിഞ്ഞു കൊണ്ട് തന്നെ നിദാഖാൻ മുൻകൂർ ജാമ്യം തേടാൻ ശ്രമിച്ചിരുന്നു. ഗർഭിണിയാണെന്നും , ആരോഗ്യസ്ഥിതി മോശമാണെന്നും കാട്ടിയാണ് നാസിക്കിലെ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത് . എന്നാൽ കോടതി അപേക്ഷ തള്ളിയിരുന്നു.
നിദ ഖാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷനും, പരാതിക്കാരുടെ അഭിഭാഷകരും കോടതിയിൽ ഉന്നയിച്ചിരിക്കുന്നത് . ജീവനക്കാരിൽ പലർക്കും നിദാഖാൻ ബുർഖയും മതപരമായ പുസ്തകങ്ങളും നൽകിയതായും, മൊബൈൽ ഫോണിൽ ഇസ്ലാമിക മത ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല ജീവനക്കാരികളിൽ ഒരാളെ ‘ഹനിയ’ എന്ന പേരിൽ മലേഷ്യയിലേക്ക് അയയ്ക്കാനുള്ള ഒരുക്കങ്ങൾ നിദാഖാൻ നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
ഓഫീസിലെ നിദാ ഖാന്റെ പെരുമാറ്റം വളരെ ആധിപത്യമുള്ളതായിരുന്നുവെന്നും എല്ലാവരും അവരെ ഭയപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇസ്ലാമിക പാരമ്പര്യങ്ങൾക്കനുസൃതമായി വസ്ത്രം ധരിക്കാനും ആചാരങ്ങൾ പാലിക്കാനും അവർ വനിതാ ജീവനക്കാരെ പഠിപ്പിക്കുമായിരുന്നു എന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഏതെങ്കിലും അന്താരാഷ്ട്ര സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
റാസ റഫീഖ് മേമൻ, തൗസിഫ് ബിലാൽ അത്തർ, ഡാനിഷ് ഷെയ്ഖ്, ഷാരൂഖ് ഹുസൈൻ ഷൗക്കത്ത് ഖുറേഷി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പ്രധാന പ്രതിയായ ഡാനിഷ് ഷെയ്ഖിനെതിരെ വിവാഹത്തിന്റെ മറവിലുള്ള ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട് . മറ്റൊരു ജീവനക്കാരനായ തൗസിഫിനെതിരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്താൻ പരാതിക്കാരിയെ ബ്ലാക്ക് മെയിൽ ചെയ്തതിനും ലൈംഗിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്.

