കൊൽക്കത്ത ; ബംഗാളിൽ ബിജെപി വിജയം ഉറപ്പിച്ചതിനു പിന്നാലെ സംസ്ഥാനത്ത് തൃണമൂൽ അനുയായികൾ കലാപം അഴിച്ചു വിടുകയാണ് . കഴിഞ്ഞ ദിവസമാണ് ബിജെപി മുതിർന്ന നേതാവ് സുവേന്ദു അധികാരിയുടെ പി എ ആയിരുന്ന ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത് . ഇന്ത്യൻ വ്യോമസേനയിലെ മുൻ അംഗമായ ചന്ദ്രനാഥ്, സുവേന്ദു അധികാരിയുടെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളായിരുന്നു.
അതേസമയം സുവേന്ദുവിന്റെ അടുത്ത അനുയായികൾക്ക് ജീവൻ നഷ്ടപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ 13 വർഷത്തിനിടയിൽ, അദ്ദേഹത്തിന്റെ രണ്ട് പേഴ്സണൽ അസിസ്റ്റന്റുമാരും ഒരു അംഗരക്ഷകനും ഇത്തരത്തിൽ ദുരൂഹ സാഹചര്യത്തിലാണ് മരിച്ചത് . ഓരോ മരണത്തെയും ചുറ്റിപ്പറ്റി അന്വേഷണം നടന്നുവെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല.
ബംഗാളിൽ എന്നും മമതയുടെ എതിരാളി ആയിരുന്നു സുവേന്ദു അധികാരി. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പമുള്ളവരെയും തൃണമൂൽ പ്രവർത്തകർ ലക്ഷ്യം വച്ചിരുന്നുവെന്നതാണ് സത്യം. നന്ദിഗ്രാമിലെ ചരിത്രപരമായ തിരഞ്ഞെടുപ്പായാലും ഭബാനിപൂരിലേക്കുള്ള പോരാട്ടമായാലും, മമതയുടെ ഏറ്റവും ശക്തനായ രാഷ്ട്രീയ എതിരാളിയാണ് താനെന്ന് സുവേന്ദു ഇതിനകം തെളിയിച്ചിട്ടുണ്ട്.
അത്തരത്തിൽ ഓരോ വിജയത്തിനു പിന്നിലും ചന്ദ്രനാഥ് രഥ് പോലുള്ള സഹായികളുമുണ്ടായിരുന്നു. 2013 ൽ സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗമായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ വിശ്വസ്ത സഹായിയും മുൻ പിഎയുമായ പ്രദീപ് ഝയെ ഓഗസ്റ്റ് 3 ന് രാവിലെ കൊൽക്കത്തയിലെ സ്ട്രാൻഡ് റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അമിതമായ മദ്യപാനവും ശ്വാസംമുട്ടലുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് . എങ്കിലും പ്രദീപ് ഝയെ അബോധാവസ്ഥയിൽ കണ്ടെത്തിയ സ്ഥലത്തെ ചില സാഹചര്യങ്ങൾ സംശയങ്ങൾ ഉണർത്തി. അദ്ദേഹത്തിന്റെ രണ്ട് മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു, പണമടങ്ങിയ പേഴ്സും എവിടെയോ നഷ്ടമായി . വസ്ത്രങ്ങൾ അലങ്കോലമായിരുന്നു. ആ സമയത്ത്, ഇത് ഒരു കൊലപാതകമാണെന്ന് മുദ്രകുത്തപ്പെട്ടുവെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല.
2018 ൽ, അദ്ദേഹത്തിന്റെ അംഗരക്ഷകനായ സുഭബ്രത ചക്രവർത്തിയെ കോണ്ടായിയിലെ സ്വന്തം റൂമിനുള്ളിൽ തലയ്ക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തെ ആത്മഹത്യയായി ചിത്രീകരിച്ചു എങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഇത് കൊലപാതകമാണെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു . പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്ത് വന്നില്ല.
ഇപ്പോഴിതാ അടുത്ത ഇരയായി ചന്ദ്രനാഥ് രഥും. അദ്ദേഹത്തെ ആക്രമിക്കാൻ എത്തിയവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഉണ്ടായിരുന്നത് വ്യാജ നമ്പർ പ്ലേറ്റാണെന്ന് പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട് . ഇത് വെറുമൊരു ഒറ്റപ്പെട്ട കൊലപാതകമല്ല, മറിച്ച് സുവേന്ദു അധികാരിയുമായി അടുപ്പമുള്ളവർ നിരന്തരം ആക്രമണത്തിന് വിധേയരാകുന്ന സംഭവങ്ങളിലെ ഏറ്റവും പുതിയ കണ്ണിയാണ്.

