ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെണ്ണൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ഡിഎംകെ ക്യാമ്പിൽ നിരാശ. തുടക്കത്തിൽ ലീഡ് ചെയ്തെങ്കിലും പിന്നീട് ഈ ട്രെൻഡ് അവസാനിക്കുകയായിരുന്നു. തോൽവി ഉറപ്പിച്ചതോടെ വിജയാഹ്ലാദത്തിനായി പാർട്ടി ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന ടെന്റുകളും മറ്റും പ്രവർത്തകർ നീക്കം ചെയ്യാൻ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ നേതാക്കളും പ്രവർത്തകരും പാർട്ടി ആസ്ഥാനത്ത് ഒത്ത് കൂടിയിട്ടുണ്ട്.
പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോഴും ഇവിഎം മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോഴും മുൻപിൽ ആയിരുന്നു ഡിഎംകെ. എന്നാൽ ടിവികെയുടെ ഭൂരിപക്ഷം കുതിച്ചതോടെ ഡിഎംകെ രണ്ടാമതായി. മുഖ്യമന്ത്രി സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടെ ഭൂരിപക്ഷം ഉയർത്താൻ കഴിയാതെ പരുങ്ങലിലാണ്.
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നുവെങ്കിലും പിന്നീട് എഐഎഡിഎംകെ രണ്ടാംസ്ഥാനത്തേയ്ക്ക് മുന്നേറുകയായിരുന്നു. 234 സീറ്റുകളുള്ള തമിഴ്നാട് 118 സീറ്റുകളാണ് ഭരണം പിടിയ്ക്കാൻ ആവശ്യമായുള്ളത്. അധികം വെകാതെ ടിവികെ കേവല ഭൂരിപക്ഷം മറികടക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ 107 സീറ്റുകളിലാണ് ടിവികെ ലീഡ് ചെയ്യുന്നത്. എഐഎഡിഎംകെ 79 സീറ്റുകളിലും മുന്നേറുന്നുണ്ട്. 48 സീറ്റുകളിൽ മാത്രമാണ് ഡിഎംകെ ലീഡ് ചെയ്യുന്നത്.

