നുഹ്: ഹരിയാനയിലെ നുഹിൽ 70 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 10 കിലോ ഭാരമുള്ള ട്യൂമർ . നയി ബിച്ചോർ ഗ്രാമത്തിൽ നിന്നുള്ള സൈറയ്ക്കാണ് ശസ്ത്രക്രിയ വഴി പുതുജീവൻ ലഭിച്ചത്.
നൂഹിലെ നൽഹാറിലെ ഷഹീദ് ഹസൻ ഖാൻ മേവതി ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്. സൈറയ്ക്ക് വളരെക്കാലമായി വയറ്റിൽ മുഴ ഉണ്ടായിരുന്നു. പരിശോധനയിൽ അണ്ഡാശയത്തിൽ ട്യൂമർ ആണെന്ന് കണ്ടെത്തി. സൈറയുടെ പ്രായം ചികിത്സയ്ക്ക് തടസമായി കരുതിയെങ്കിലും മുന്നോട്ട് പോകാൻ തന്നെയായിരുന്നു ഡോക്ടർമാരുടെ തീരുമാനം.
ഗൈനക്കോളജിസ്റ്റ് ഡോ. സുരേന്ദ്ര പാൽ സിംഗ് ആണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. വളരെ ശ്രദ്ധയോടെയും വൈദഗ്ധ്യത്തോടെയുമാണ് ശസ്ത്രക്രിയ നടത്തിയതെന്നും ജനറൽ സർജറി വിഭാഗത്തിലെ സംഘവും ഇതിൽ പ്രധാന പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ 9.6 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ട്യൂമർ ഡോക്ടർമാരുടെ സംയുക്ത സംഘം വിജയകരമായി നീക്കം ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം സൈറയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു. വളരെക്കാലമായി വയറ്റിൽ ഒരു വലിയ മുഴയുണ്ടായിരുന്നതായും അത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതായും സൈറ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോൾ ആശ്വാസം തോന്നുന്നുവെന്നും പറഞ്ഞ സൈറ ഡോക്ടർമാർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

