കേരളത്തിലെ നിയമസഭാമണ്ഡലങ്ങളിലെ ഇളമുറക്കാരനാണ് വയനാട് ജില്ലയിലെ മാനന്തവാടി. 2008 ൽ രൂപീകൃതമായ മണ്ഡലം ഇതുവരെ നേരിട്ടത് മൂന്ന് തിരഞ്ഞെടുപ്പുകൾ. ഇതിൽ രണ്ട് തവണ എൽഡിഎഫിനും ഒരു തവണ യുഡിഎഫിനും മണ്ഡലം അവസരം നൽകി.
2008 ലെ അതിർത്തി നിർണയത്തിലൂടെയാണ് മാനന്തവാടി നിയമസഭാമണ്ഡലം നിലവിൽവന്നത്. അതിന് മുൻപ് വടക്കേ വയനാട് നിയമസഭാമണ്ഡലം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മാനന്തവാടി, എടവക, വെള്ളമുണ്ട, തെണ്ടർനാട്, പനമരം, തിരുനെല്ലി, തവിഞ്ഞാൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതായിരുന്നു വടക്കേ വയനാട് നിയമസഭാമണ്ഡലം. മാനന്തവാടി താലൂക്കിലെ എടവക, മാനന്തവാടി, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മാനന്തവാടി നിയമസഭാ മണ്ഡലം. 2008 ൽ രൂപം കൊണ്ടെങ്കിലും 2011 മുതലാണ് ഇവിടെ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് വോട്ടർമാർ ഇവിടെയുണ്ട്.
പട്ടികവർഗ്ഗ സംവരണ മണ്ഡലാണ് മാനന്തവാടി. ആദ്യ തിരഞ്ഞെടുപ്പിൽ മണ്ഡലം പ്രതിനിധീകരിക്കാനുള്ള അവസരം ജനങ്ങൾ യുഡിഎഫിന് നൽകി. കോൺഗ്രസിന്റെ പി.കെ ജയലക്ഷ്മി ആയിരുന്നു വിജയിച്ചത്. എന്നാൽ 2016 ലെ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി ഒ. ആർ കേളു മണ്ഡലം പിടിച്ചെടുത്തു. സിറ്റിംഗ് എംഎൽഎയായ പി.കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയായിരുന്നു കേളുവിന്റെ വിജയം. 2021 ലും അദ്ദേഹം വിജയം ആവർത്തിച്ചു. കമ്യൂണിസ്റ്റ് സർക്കാരിന്റെ വയനാട്ടിൽ നിന്നുള്ള ആദ്യ മന്ത്രി കൂടിയായിരുന്നു കേളു. 2021 ലും കേളുവിനെതിരെ ജയലക്ഷ്മി മത്സരിച്ചിരുന്നു.
ഒ.ആർ കേളുവാണ് ഇക്കുറിയും ഇടത്പക്ഷത്തിന്റെ സാരഥിയായി മത്സരിക്കുന്നത്. ഹാട്രിക് ലക്ഷ്യമിട്ടാണ് അദ്ദേഹം അങ്കത്തിനിറങ്ങുന്നത്. കേളുവിലൂടെ മണ്ഡലം നിലനിർത്താമെന്ന് ഉറച്ച വിശ്വാസം എൽഡിഎഫിനുണ്ട്. ഉഷ വിജയനാണ് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ഇരുവരെയും നേരിടാൻ ഇക്കുറി എൻഡിഎയുടെ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നത് ഒരു യുവ മുഖമാണ്. ബിജെപിയുടെ യുവ നേതാവ് ശ്യാം രാജ് ആണ് മാനന്തവാടിയിൽ ഇക്കുറി മത്സരിക്കുന്നത്.

