ഡബ്ലിന്‍ : സ്വന്തം വീടിന്റെ പിന്നിലായി ചെറുവീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ പ്ലാനിങ് ഇളവുകള്‍ നടപ്പിലാക്കി അയർലൻഡ് . പുതിയ ചട്ടങ്ങള്‍ പ്രകാരം, നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്ക് പ്രധാന വീടിന്റെ പിന്നില്‍ പ്രത്യേക താമസസൗകര്യം നിര്‍മിക്കാന്‍ ഇനി പ്ലാനിങ് അപേക്ഷ നല്‍കേണ്ടതില്ല.
ഭവനപ്രതിസന്ധിക്കിടെ യുവാക്കള്‍ക്കും വയോധികര്‍ക്കും കുടുംബത്തോടു ചേര്‍ന്ന് സ്വതന്ത്രമായി താമസിക്കാന്‍ അവസരമൊരുക്കുകയാണ് സർക്കാർ . കുറഞ്ഞത് 32 ചതുരശ്ര മീറ്ററും പരമാവധി 45 ചതുരശ്ര മീറ്ററും ആയിരിക്കണം നിർമ്മിക്കുന്ന വീട് . വെള്ളം, മലിനജല സംവിധാനം തുടങ്ങിയ അടിസ്ഥാന സര്‍വീസുകള്‍ പ്രധാന വീടിന്റെ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയും വേണം.
നിര്‍മാണം ആരംഭിക്കുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പ് ബന്ധപ്പെട്ട കൗണ്‍സിലിന് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ നല്‍കണം. അതേസമയം ഇത്തരത്തിൽ നിർമ്മിക്കുന്ന ചെറുവീട് ഹ്രസ്വകാല ടൂറിസ്റ്റ് താമസത്തിനോ ഷോര്‍ട്ട് ടേം ലെറ്റിങ്ങിനോ ഉപയോഗിക്കാനും കഴിയില്ല. ഈ പ്രത്യേക ഇളവുപയോഗിച്ചുള്ള നിര്‍മാണം 2030 ഡിസംബര്‍ 31നകം ആരംഭിച്ച് പൂര്‍ത്തിയാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ.

