ഡബ്ലിന്‍ : തനിച്ച് ഡബ്ലിന്‍ വിമാനത്താവളത്തിലെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുന്ന നടപടികളില്‍ ഗുരുതരമായ സുരക്ഷാവീഴ്ചകളുണ്ടാകുന്നതായി ആരോപണം. കുട്ടിയെ ഏറ്റെടുക്കാനെത്തുന്ന വ്യക്തിയുടെ പശ്ചാത്തലം പരിശോധിക്കാതെയാണ് കുട്ടികളെ കൈമാറുന്നത് . ചില സന്ദര്‍ഭങ്ങളില്‍ ഫോണിലൂടെ മാത്രം നടപടികള്‍ പൂര്‍ത്തിയാക്കുന്നുവെന്നാണ് ട്യുസ്ലയ്ക്കെതിരെയുള്ള ആരോപണം.
ഡബ്ലിന്‍ വിമാനത്താവളത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന ബോര്‍ഡര്‍ മാനേജ്മെന്റ് യൂണിറ്റ് ഉദ്യോഗസ്ഥരാണ് ഇത്തരം ആശങ്കകൾ ഉന്നയിച്ചത്. ഒറ്റയ്ക്കെത്തുന്ന കുട്ടികള്‍ യഥാര്‍ഥ ബന്ധിക്കൾക്കൊപ്പം തന്നെയാണോ പോകുന്നതെന്ന് ഉറപ്പാക്കുന്നതില്‍ ടുസ്ല ജീവനക്കാര്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തുന്നില്ലെന്നാണ് ആരോപണം.
ചില കുട്ടികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ‘ഏജന്റ്’ എന്ന് അറിയപ്പെടുന്നവരാണ്. കുട്ടിയുടെ അമ്മയോ ബന്ധുക്കളോ അയർലൻഡിൽ താമസിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പും ഫോണ്‍ നമ്പറും ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതാണ് പതിവ്. ചിലപ്പോള്‍ മാതാപിതാക്കളോ ബന്ധുക്കളോ ആണെന്ന് അവകാശപ്പെടുന്നവര്‍ കുട്ടിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കാറുമുണ്ട്.
കുട്ടി എത്തിയാല്‍ ടുസ്ലയെ വിവരം അറിയിക്കുമെങ്കിലും ബന്ധപ്പെട്ട സോഷ്യല്‍ വര്‍ക്കര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്താറില്ല . പകരം, കുട്ടിയെ ഏറ്റെടുക്കാനെത്തിയ വ്യക്തിയുമായി ഫോണില്‍ സംസാരിച്ച ശേഷം കുട്ടിയെ കൈമാറാന്‍ നിര്‍ദേശം നല്‍കുന്നുവെന്നും പരാതിയുണ്ട്.

