കൊച്ചി: ബെവ്കോയിലെ 1600ഓളം വനിതാ ജീവനക്കാർക്ക് പ്രതിരോധ പരിശീലനം നൽകാനുള്ള തീരുമാനവുമായി സർക്കാർ. തൊഴിൽ സ്ഥലത്തും, അത് കഴിഞ്ഞും ശാരീരിക അതിക്രമം ഉണ്ടായാൽ എങ്ങനെ തടയാമെന്നാണ് പരിശീലനത്തിൽ പ്രധാനമായും പഠിപ്പിക്കുന്നത്. ആയുധ പരിശീലനം നേടിയ വനിതാ പോലീസുകാരാണ് ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.
ഡിസംബർ ഒന്നിന് എല്ലാ ജില്ലകളിലും പരിശീലനം നടക്കും. പരിശീലനത്തിനായി വനിതകൾക്ക് പ്രത്യേക അവധി നൽകാൻ ബെവ്കോ എം ഡി ഹർഷിത അട്ടല്ലൂരി ഉത്തരവ് നൽകി കഴിഞ്ഞു .ബെവ്കോയുടെ എല്ലാ വിഭാഗങ്ങളിലുമുള്ള 150 ഓളം വനിതാ ജീവനക്കാർ പരിശീലനത്തിൽ പങ്കെടുക്കും.ശാരീരിക അവശതകൾ അനുഭവിക്കുന്നവർ പരിശീലനം കണ്ട് മനസിലാക്കിയാൽ മതിയെന്നും അറിയിച്ചിട്ടുണ്ട്.
ആയോധനകലകളിൽ പ്രാവിണ്യമുള്ള നാല് വനിതാ പൊലീസുകാരെ ഓരോ ജില്ലകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുണ്ട്. പരിശീലനം ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും നോഡൽ ഓഫീസർമാരെയും നിയമിച്ചു.
14 ജില്ലകളിലേയും ബിവറേജസ് ഷോപ്പുകൾ, വെയർ ഹൗസുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ ജീവനക്കാരികൾ ബെവ്കോയുടെ ജില്ലാ ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ഈ ക്ലാസുകളിൽ പങ്കെടുക്കും . റീജണൽ മാനേജർ വനിതാ ജീവനക്കാരുടെ പേരുവിവരം കൈമാറണമെന്നും നിർദേശിച്ചിരുന്നു.