തിരുവനന്തപുരം : വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ വഖഫ് ബോർഡ് ചെയർമാൻ കെ. എസ്. ഹംസ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച തീരുമാനം സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിശ്ചിത നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്നും , വഖഫ് ബോർഡ് പിരിച്ചു വിടണമെന്നുമാണ് ഹംസ തന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജി പരിഗണിച്ചത്.
നേരത്തെയുള്ള വഖഫ് ബോർഡ് പിരിച്ചുവിടാൻ ‘ഉമീദ്’ നിയമത്തിൽ വ്യവസ്ഥകളൊന്നുമില്ലെന്നും, വഖഫ് നിയമത്തിലെ 14-ാം വകുപ്പ് പാലിക്കാതെയാണ് പുനഃസംഘടന നടത്തിയതെന്നും ഹംസ ഹർജിയിൽ വാദിച്ചു. ബോർഡ് പുനഃസംഘടിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടില്ലെന്നും ഹംസ ചൂണ്ടിക്കാട്ടി. ബോർഡിലെ ഒഴിവ് നികത്താൻ നടപടിയെടുക്കണമെന്ന് മാത്രമാണ് ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സ്റ്റേ അനുവദിക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് കൈമാറി

