ചരിത്രത്തിലിതുവരെ ഇടതുപക്ഷത്തെ ഹൃദയപക്ഷത്തോട് ചേർത്ത് നിർത്തിയ മണ്ഡലം . വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രി പദത്തിലേക്ക് വഴിയൊരുക്കിയ മണ്ഡലം. അതാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ. എൽഡിഎഫിന്റെ ശക്തികേന്ദ്രമാണിതെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും വീറും വാശിയുമേറിയ പോരാട്ടം ഇവിടെ നടക്കാറുണ്ട്. സിപിഎമ്മിന്റെ എ. പ്രഭാകരനാണ് മലമ്പുഴ എംഎൽഎ.
1965 ലാണ് മലമ്പുഴ നിയമസഭാമണ്ഡലം രൂപീകൃതമായത്. പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ മലമ്പുഴനിയമസഭാ മണ്ഡലത്തിൽ ഉൾക്കൊള്ളുന്നു. 2021 ലെ കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 2,13,746 വോട്ടർമാർ ഉണ്ട്. ഇതിൽ 1,03,976 പുരുഷവോട്ടർമാരും, 1,09,768 സ്ത്രീവോട്ടർമാരുമാണ്. ട്രാൻസ്ജെൻഡർ വോട്ടർമാരും ഇവിടെയുണ്ട്. കാർഷിക വൃത്തി ജീവനോപാധിയാക്കിയ ജനതയാണ് മലമ്പുഴയിലേത്. അധ്വാനശീലമാകാം ഒരു പക്ഷെ ഇവിടുത്തുകാരെ ഇടത്പക്ഷത്തോട് ചേർത്ത് നിർത്തുന്നത്. സിപിഎം കൈവശംവച്ചുപോരുന്ന മണ്ഡലമാണ് മലമ്പുഴ.
മണ്ഡലം രൂപീകൃതമായതിന് പിന്നാലെ സിപിഎമ്മിന്റെ എം.പി കുഞ്ഞിരാമൻ ആയിരുന്നു ഇവിടെ നിന്നും വിജയിച്ചത്. പിന്നീട് 1969 ലും 1970 ലും വി.കൃഷ്ണദാസിന് മണ്ഡലം അവസരം നൽകി. 1977 ലെ തിരഞ്ഞെടുപ്പിൽ പി.വി കുഞ്ഞിക്കണ്ണൻ ഇവിടെ നിന്നും വിജയിച്ചു.
1980 ലാണ് സ്ഥാനാർത്ഥിയായുള്ള ഇ.കെ നായനാരുടെ വരവ്. വമ്പിച്ച ഭൂരിപക്ഷത്തിൽ അദ്ദേഹം ഇവിടെ നിന്നും ജയിച്ചുകയറി. 1982 ലും അദ്ദേഹം വിജയിച്ചു. 1987 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം ടി.ശിവദാസ മേനോനൊപ്പം നിന്നു. 1991 ലും 1996 ലും ശിവദാസ മേനോൻ ആയിരുന്നു മണ്ഡലത്തിലെ എംഎൽഎ.
2001 ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കരുത്തനായ നേതാവ് വി.എസ് അച്യുതാനന്ദൻ മലമ്പുഴയിൽ പരീക്ഷണത്തിനിറങ്ങി. ശക്തമായ ഭൂരിപക്ഷത്തോടെയുള്ള വിജയം ആയിരുന്നു ഇവിടെ അദ്ദേഹത്തെ കാത്തിരുന്നത്. ഒരു പതിറ്റാണ്ടോളം അദ്ദേഹം മണ്ഡലത്തിന്റെ സേവകനായി. 2021 ലെ തിരഞ്ഞെടുപ്പിൽ എ. പ്രഭാകരൻ മലമ്പുഴയിൽ നിന്നും വിജയിച്ചു.
ചരിത്രത്തിൽ ഇതുവരെ വിജയം തുണച്ചത് എൽഡിഎഫിനെ ആണെങ്കിലും ശക്തമായ വെല്ലുവിളി എതിർസ്ഥാനാർത്ഥികൾ ഉയർത്താറുണ്ട്. പലപ്പോഴും എതിർസ്ഥാനാർത്ഥികൾ ഉയർത്തുന്ന വോട്ടുകളുടെ എണ്ണം ഇടത്പക്ഷത്തിന് അസ്വസ്ഥതസൃഷ്ടിക്കാറുണ്ട്. മണ്ഡലത്തിൽ ബിജെപിയുടെ സ്വാധീനവും എടുത്ത് പറയണം.
2021 ൽ എൻഡിഎയ്ക്കായി മണ്ഡലത്തിൽ ഇറങ്ങിയത് ബിജെപിയുടെ സി. കൃഷ്ണകുമാർ ആയിരുന്നു. കോൺഗ്രസിനെ പിന്തള്ളി അരലക്ഷത്തിലധികം വോട്ടുകൾ ഇവിടെ അദ്ദേഹം നേടി. 2016 ൽ വിഎസിനെ മണ്ഡലത്തിൽ നേരിട്ടതും കൃഷ്ണകുമാർ ആയിരുന്നു. അപ്പോഴും അരലക്ഷത്തിന് അടുത്ത് വോട്ടുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇക്കുറി മൂന്നാമങ്കത്തിനും അരയും തലയും മുറുക്കി എൻഡിഎയ്ക്കായി അങ്കത്തട്ടിലേക്ക് ഇറങ്ങുന്നത് കൃഷ്ണകുമാർ ആണ്.
ഇക്കുറിയും പ്രഭാകരനിലൂടെ മണ്ഡലം നിലനിർത്താനാണ് എൽഡിഎഫിന്റെ തീരുമാനം. എ. സുരേഷാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥി. മുൻ തിരഞ്ഞെടുപ്പുകൾ നൽകിയ ആത്മവിശ്വാസം ഇടത്പക്ഷത്തിനുണ്ട്. എങ്കിലും ബിജെപിയുടെ വോട്ടുകൾ ഉയരുന്നതിനെ ഇടത്പക്ഷം ഗൗരവത്തിൽ തന്നെ കാണുന്നു. അതുകൊണ്ട്തന്നെ ശ്രദ്ധാപൂർവ്വമാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് സാരം.

