ലുവാസ് സേവനങ്ങളെക്കുറിച്ചുള്ള മൊത്തത്തിലുള്ള പരാതികൾ കഴിഞ്ഞ വർഷം 19% കുറഞ്ഞതായി റിപ്പോർട്ട്. സാമൂഹിക വിരുദ്ധ പെരുമാറ്റവും, യാത്രാ തടസ്സങ്ങളും ഉൾപ്പെടെയുള്ള പരാതികളുടെ കണക്കാണ് പുറത്ത് വന്നത്. അതേസമയം യാത്രക്കാരുടെ എണ്ണം 55 മില്യൺ എന്ന റെക്കോർഡിൽ എത്തി.
പുതിയ കണക്കുകൾ പ്രകാരം 2025-ൽ ലുവാസ് ഓപ്പറേറ്ററായ ട്രാൻസ്ഡേവിന് ആകെ 5,780 പരാതികൾ ആണ് ലഭിച്ചത്. 2024-ൽ ഇത് 7,100 ആയിരുന്നു. ചരിത്രത്തിൽ തന്നെ ലുവാസിനെ സംബന്ധിച്ച് ഏറ്റവുമധികം പരാതികൾ ഫയൽ ചെയ്തതും 2024-ൽ ആയിരുന്നു. എന്നാൽ 2025-ൽ പരാതികളുടെ എണ്ണത്തിൽ 1,320 എണ്ണത്തിന്റെ വലിയ കുറവാണ് ഉണ്ടായത്.
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഏറ്റവുമധികം പരാതികൾ ഉയർന്നത് 2024-ൽ ആയിരുന്നു – 2,625. ഇത്തവണ 14% കുറവ് വന്നിട്ടുണ്ട്.സർവീസ് തടസപ്പെടുന്നത് സംബന്ധിച്ച പരാതികൾ 25 ശതമാനം കുറഞ്ഞ് 910 ആയി , ലുവാസ് ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ 14 ശതമാനം കുറഞ്ഞു . . ലുവാസിൽ യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റുവെന്ന് പരാതിപ്പെട്ടവരുടെ എണ്ണം 44 ശതമാനം കുറഞ്ഞ് 71 ആയി.

