ഡബ്ലിന്‍ : അയര്‍ലൻഡില്‍ ജോലി ചെയ്യുന്നതിന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ നേരിടുന്ന രജിസ്ട്രേഷന് തടസ്സങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് വൈകാതെ പരിഹാരമുണ്ടാകുമെന്ന് ഐറിഷ് മെഡിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. മേരി ഡാവോറന്‍ . അയര്‍ലൻഡിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ ഐറിഷ് മെഡിക്കല്‍ അസോസിയേഷന്റെ (ഐ ഐ എം എ) ആദ്യ സമ്മേളനത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
ഈ വിഷയം അവലോകനം ചെയ്യുകയാണെന്നും ആറ് മാസത്തിനുള്ളില്‍ അവലോകനം പൂര്‍ത്തിയാകുമെന്നും ഡോ. മേരി ഡാവോറന്‍ പറഞ്ഞു.നിലവില്‍ 310 ഇന്ത്യന്‍ ഡോക്ടര്‍മാര്‍ മാത്രമേ അയര്‍ലൻഡില്‍ ജോലി ചെയ്യുന്നുള്ളൂ . മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ അറിയിച്ചു.
തടസ്സങ്ങള്‍ എന്താണെന്നും എങ്ങനെ പരിഹരിക്കാമെന്നും നോക്കുകയാണ്.അവലോകനത്തെ തുടര്‍ന്ന് ചിലപ്പോള്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അത് മെഡിക്കല്‍ കൗണ്‍സിലിന്റെ പരിധിയില്‍ വരില്ലെന്നും ഡോ. ഡാവോറെന് അറിയിച്ചു

