കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം . ഏറെക്കാലമായി ചികിത്സയിലായിരുന്നു. 60 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്ക്കാരം ജന്മനാടായ തൃശ്ശൂരിലെ തൃത്തല്ലൂരിൽ നടക്കും.
തൃശ്ശൂരിലെ തൃത്തല്ലൂരിലെ ഏങ്ങൂർ തറവാട്ടിലെ അയ്യപ്പന്റെയും സുമതിയുടെയും മകനാണ് രാജേന്ദ്രൻ. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ശേഷം പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ടെലിവിഷൻ കോഴ്സ് ചെയ്തു. ഗ്രീഷ്മം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി വെള്ളിത്തിരയിൽ എത്തിയത് . കളിയാട്ടം, പ്രണയവർണ്ണങ്ങൾ, ദയ, പട്ടാഭിഷേകം, മീശ മാധവൻ, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. നാടകത്തിനും സിനിമയ്ക്കുമൊപ്പം ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവമായിരുന്നു. രാജേന്ദ്രൻ നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ്.
കൊല്ലത്തെ കാളിദാസകലാ കേന്ദ്രത്തിന്റെ മുഖ്യ പ്രവർത്തകനായിരുന്നു. ഭാര്യ പിതാവ് ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കലാകേന്ദ്രത്തിന്റെ നെടുംതൂണായി. 1987 ല്‍ മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവര്‍ഡ് നാടകത്തിന് ലഭിച്ചിരുന്നു.

