വാഷിംഗ്ടൺ : യുഎസ് എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാൻ . യുദ്ധവിമാനം വായുവിൽ പറക്കുന്നതിന്റെയും പ്രകാശം അതിൽ പതിക്കുന്നതിന്റെയും വീഡിയോ ഇറാൻ പുറത്തുവിട്ടു. ഇതിൽ ജെറ്റ് നിയന്ത്രണം വിട്ട് താഴേക്ക് വീഴാൻ തുടങ്ങുന്നതും ജെറ്റിന് പിന്നിൽ നിന്ന് പുക ഉയരുന്നതും വീഡിയോയിൽ കാണാം.
ഇറാന്റെ സ്റ്റേറ്റ് മീഡിയയായ പ്രസ് ടിവിയാണ് ഔദ്യോഗിക X അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. “ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഒരു അമേരിക്കൻ F-18 യുദ്ധവിമാനം വിജയകരമായി വെടിവച്ചിട്ടു .” എന്ന് പറഞ്ഞാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത് . ആക്രമണം നടന്ന സ്ഥലം, ജെറ്റിന് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി, പൈലറ്റിന്റെ അവസ്ഥ എന്നിവ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ഇറാന്റെ അവകാശവാദം യുഎസ് സൈന്യം പൂർണ്ണമായും തള്ളിക്കളഞ്ഞു. “തെറ്റ്: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടത് ചാബഹാറിന് മുകളിൽ ഒരു പുതിയ നൂതന വ്യോമ പ്രതിരോധ സംവിധാനം യുഎസ് എഫ്/എ-18 യുദ്ധവിമാനം വെടിവച്ചിട്ടെന്നാണ്. സത്യം: ഒരു യുഎസ് യുദ്ധവിമാനത്തെയും ഇറാൻ വെടിവച്ചിട്ടിട്ടില്ല.”യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) X-ൽ കുറിച്ചു.
ഇറാൻ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ആഴ്ച, ഇറാനിയൻ മാധ്യമങ്ങൾ ഐആർജിസി യുഎസ് എഫ് -15 ജെറ്റുകൾ വെടിവച്ചിട്ടതായി രണ്ടുതവണ അവകാശപ്പെട്ടിരുന്നു.എന്നാൽ “ഓപ്പറേഷൻ എപ്പിക് ഫ്യൂറി സമയത്ത് യുഎസ് യുദ്ധവിമാനങ്ങൾ 8,000-ത്തിലധികം പറക്കൽ നടത്തി. ഒരു യുഎസ് യുദ്ധവിമാനത്തെയും ഇറാൻ വെടിവച്ചിട്ടില്ല” എന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞിരുന്നു.

