കൊച്ചി ; ആദ്യ ബലാത്സംഗക്കേസിൽ എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം . മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി.ഹൈക്കോടതി വിധിയിലെ ഖണ്ഡിക 17,18,20,21 എന്നിവയിലെ അതിജീവിതയ്ക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്തു.
ഹൈക്കോടതിയിൽ നടന്നത് മിനി ട്രയൽ മാത്രമാണെന്നും, വിചാരണവേളയിൽ ഇത് അതിജീവിതയെ ബാധിക്കുമെന്നും അതിജീവിതയുടെ അഭിഭാഷകൻ പറഞ്ഞിരുന്നു .ഇതേ തുടർന്നാണ് സുപ്രീംകോടതി ഈ പരാമർശങ്ങൾ നീക്കിയത്. ജസ്റ്റിസ് എം എം സുന്ദരേഷ്, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും നിയമസഭാ അംഗമായി തുടരുകയാണ്. അദ്ദേഹത്തിന് കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ഇപ്പോഴും ലഭിക്കുന്നുണ്ട് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ടവരുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
കേസ് അന്വേഷണത്തിലാണെന്നും പരാതിക്കാരിക്കെതിരായ ആരോപണങ്ങൾ അനുചിതമാണെന്നും അത് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു . പ്രായപൂർത്തിയാകാത്ത ഒരു ഇര ഉൾപ്പെടെ പത്ത് പേരെ രാഹുൽ പീഡിപ്പിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും എംഎൽഎയ്ക്കെതിരെ നീങ്ങാൻ തീരുമാനിച്ചതിനെത്തുടർന്ന് തന്റെ ജീവന് നിരന്തരം ഭീഷണിയുണ്ടെന്നും ഹർജിയിൽ പറയുന്നു.

