മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബാംഗറുടെ മകൻ ആര്യൻ ബാംഗർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. ആര്യൻ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
2023 മുതൽ ഹോർമോൺ ചികിത്സയിലായിരുന്നു. 23 വർഷത്തെ തയ്യാറെടുപ്പിന്റെ ഫലമായിരുന്നു ലിംഗമാറ്റമെന്ന് അനായ പറഞ്ഞു. നിലവിൽ യുകെയിൽ ക്രിക്കറ്റ് പരിശീലിക്കുന്ന അനായ, മുൻ ഇന്ത്യൻ ക്യാപ്ടന്മാരായ എം എസ് ധോണിക്കും വിരാട് കോഹ്ലിക്കും ഒപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഒരു ട്രാൻസ്ജെൻഡർ സ്ത്രീ എന്ന നിലയിൽ ക്രിക്കറ്റിലുള്ള തന്റെ വളർച്ച കഠിനാദ്ധ്വാനത്തിന്റെയും ത്യാഗങ്ങളുടേതുമായിരുന്നു. പലപ്പോഴും മറ്റുള്ളവരുടെ മുൻവിധികൾക്കും പരിഹാസങ്ങൾക്കും ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അനായ വ്യക്തമാക്കുന്നു.
ട്രാൻസ്ജെൻഡർ വനിതകളെ വനിതാ ക്രിക്കറ്റിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് അടുത്തയിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഐസിസിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ അനായ ബാംഗറുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചാരം നേടുകയാണ്.