ഡബ്ലിൻ: ഡബ്ലിനിൽ 50 കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. 30 വയസ്സുകാരനാണ് കേസിലെ പ്രതി. മർദ്ദനം ഉൾപ്പെടെ വിവിധ വകുപ്പുകൾ ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. ഇയാളെ ഉടനെ കോടതിയിൽ ഹാജരാക്കും.
ബുധനാഴ്ച ആയിരുന്നു ഡബ്ലിൻ 18 ലെ കാബിന്റീലിയയിലെ മക്കിന്റോഷ് പാർക്കിൽവച്ച് 50 കാരന് നേരെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹം സെന്റ് വിൻസെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

