ടെഹ്റാൻ : ഇറാനിയൻ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . പ്രതിസന്ധി ഘട്ടത്തിൽ ഇസ്രായേലിനൊപ്പം ഉറച്ചുനിന്നതിന് നന്ദി പറഞ്ഞതായും നെതഹ്യാഹു വെളിപ്പെടുത്തി.
മോദിയെ “മഹത്തായ സുഹൃത്ത്” എന്ന് വിശേഷിപ്പിച്ചാണ് നെതന്യാഹു മാധ്യമങ്ങളോട് സംസാരിച്ചത് . ഒപ്പം ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. മധ്യ ഇസ്രായേലി നഗരമായ ബെയ്റ്റ് ഷെമെഷ് സന്ദർശിച്ചപ്പോഴാണ് നെതന്യാഹുവിന്റെ ഈ പരാമർശങ്ങൾ .
“നമ്മുടെ മഹാനായ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞാൻ സംസാരിച്ചു. ഇസ്രായേലിനൊപ്പം നിന്നതിനും സത്യത്തിനുവേണ്ടി നിലകൊണ്ടതിനും ഇന്ത്യൻ ജനങ്ങളുടെ വലിയ സൗഹൃദത്തിനും നന്ദി പറഞ്ഞു,” അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനെ ആസ്വദിക്കുന്നുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് നെതന്യാഹു വിട്ടുനിന്നെങ്കിലും, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക സാഹചര്യങ്ങൾക്കിടയിൽ മറ്റ് നിരവധി ലോക നേതാക്കളുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും നെതന്യാഹു സ്ഥിരീകരിച്ചു.
ഇറാനിയൻ ജനത അവരുടെ നേതൃത്വത്തെ വെല്ലുവിളിക്കേണ്ട സമയം അടുത്തുവരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ആ ദിവസം അടുത്തുവരികയാണ്. അത് വരുമ്പോൾ, ഇസ്രായേലും അമേരിക്കയും ഇറാനിയൻ ജനതയോടൊപ്പം ഉണ്ടാകും,” നെതന്യാഹു പറഞ്ഞു, ഏതൊരു മാറ്റവും ആത്യന്തികമായി ഇറാനിയൻ പൊതുജനങ്ങളുടെ ഇച്ഛയെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

