തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചു. ഫെബ്രുവരി 25 ന് നിശ്ചയിച്ചിരുന്ന പരിപാടി മാർച്ച് 1 ന് വൈകുന്നേരം 3 മണിക്ക് നടക്കും. ഉദ്ഘാടന ദിവസം പൊതു അവധിയായിരിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട കുടുംബങ്ങൾക്കുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമാണ് ഈ ടൗൺഷിപ്പ്. പദ്ധതിയുടെ ആദ്യ ഘട്ടം ഇപ്പോൾ പൂർത്തിയായി, ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറും. താക്കോൽ കൈമാറ്റത്തോടൊപ്പം, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും. വളരെക്കാലമായി കാത്തിരിക്കുന്നവർക്ക് ആശ്വാസം പകരുന്ന ടൗൺഷിപ്പാണ് യാഥാർത്ഥ്യമാകുന്നത്.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗൺഷിപ്പ് നിർമിക്കാൻ കൽപറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുത്തതിനു തൊട്ടടുത്ത ദിവസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ മാർച്ച് 27 ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടത്. ആദ്യഘട്ടത്തിൽ വീടുകൾ ലഭിക്കുന്നവരുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

