ഡബ്ലിൻ: അയർലന്റിലെ കാറ് ഉടമകളോട് നാല് ഇലക്ട്രോണിക് വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്ത് ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് പ്രത്യേകം കരുതൽ വേണമെന്നും അധികൃതർ വ്യക്തമാക്കി.
സ്മാർട് ഫോണുകൾ, എംപി3 പ്ലെയറുകൾ, ക്യാമറകൾ, ലാപ്ടോപ്പുകൾ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കരുത് എന്നാണ് നിർദ്ദേശം. 40 ഡിഗ്രിയെക്കാൾ ഉയർന്ന താപനിലയുമായി ഇവ സമ്പർക്കത്തിൽ വരുമ്പോൾ പൊട്ടിത്തെറിയ്ക്കാനും കാറിനുള്ളിൽ തീപിടിയ്ക്കാനും സാദ്ധ്യതയുണ്ട്. അതിനാലാണ് ഈ ഉപകരണങ്ങൾ കാറുകളിൽ സൂക്ഷിക്കരുതെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്.
ഇവയ്ക്ക് പുറമേ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കാറിനുള്ളിൽ സൂക്ഷിക്കരുതെന്നും നിർദ്ദേശിക്കുന്നു. സൂര്യരശ്മികൾ പ്ലാസ്റ്റിക് കുപ്പികളിൽ തട്ടുമ്പോൾ രാസപ്രവർത്തനം സംഭവിക്കുകയും ഇതിന്റെ ഫലമായി വെള്ളത്തിൽ രാസവസ്തുക്കൾ കലരുകയും ചെയ്യും. ഇത് കുടിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അതേസമയം വാഹനങ്ങളിൽ അവശ്യമരുന്നുകളും സൺസ്ക്രീനും കരുതണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

