ന്യൂയോർക്ക്: ലോകരാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധത്തിനിടെ യുക്രെയ്നുമായി
നിർണായക കരാറിൽ ഏർപ്പെട്ട് അമേരിക്ക. നിർണായക ധാതുക്കളുടെയും പ്രകൃതിവിഭവങ്ങളുടെയും കൈമാറ്റം സംബന്ധിച്ച കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്.
ബുധനാഴ്ചയാണ് കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചത്. ഇതിന് പിന്നാലെ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കുകയായിരുന്നു. ഇതോടെ യുക്രെയ്നിന്റെ അമൂല്യ ധാതുക്കളും പ്രകൃതിവിഭവങ്ങളും അമേരിക്കയ്ക്കും സ്വന്തമാകും. റഷ്യയുമായി തുടരുന്ന യുദ്ധത്തിൽ അമേരിക്കയുടെ സഹായം യുക്രെയ്ന് നിർണായകമായും. ഇത് ലക്ഷ്യമിട്ടാണ് അമേരിക്കയുമായുമായി യുക്രെയ്ൻ പുതിയ കരാറിൽ ഏർപ്പെട്ടത്.
റഷ്യയ്ക്കെതിരെ ഒന്നിച്ച് പോരാടാൻ യുക്രെയ്ന് ഒപ്പം നിൽക്കുമെന്ന് അമേരിക്ക നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ കരാറിൽ ഇരു രാജ്യങ്ങളും ഏർപ്പെട്ടിരിക്കുന്നത്.
സ്വതന്ത്രവും സമൃദ്ധവും പരമാധികാരവുമുള്ള യുക്രെയ്ന് വേണ്ടിയുള്ള സമാധാന ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ എന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പറഞ്ഞു. പുതിയ കരാർ ഇതിന് തെളിവാണ്. യുക്രെയ്നിന്റെ സമൃദ്ധിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അമേരിക്കൻ ജനതയും യുക്രെയ്ൻ ജനതയും നിലകൊള്ളുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

