കോട്ടയം : അയർക്കുന്നത്ത് നാലംഗകുടുംബം ജീവനൊടുക്കാൻ ശ്രമിച്ചു. വീട്ടമ്മയും, മകളും മരിച്ചു. ളാക്കാട്ടൂർ ചിറപുരത്തെ ജോബിയുടെ ഭാര്യ ജോസ്ന (40), മകൾ മരിയ തോമസ് തെരേസ (17) എന്നിവരാണ് മരിച്ചത്. ജോബിയുടെയും ഇളയ മകൻ അലൻ തോമസിന്റെയും (12) നില ഗുരുതരമാണ്.
ജൂലൈ 13 ന് കളനാശിനി കഴിച്ച് അബോധാവസ്ഥയിലായ നിലയിലാണ് നാലംഗ കുടുംബത്തെ വീടിനുള്ളിൽ കണ്ടെത്തിയത് . വീട്ടിൽ നിന്ന് ഒരു കുപ്പി കളനാശിനി കണ്ടെടുത്തു. ജോസ്നയും കുട്ടികളും കളനാശിനി ജ്യൂസിലും തോമസ് മദ്യത്തിലും കലർത്തിയാണ് കുടിച്ചത് . സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ ശ്രമിച്ചതിനു പിന്നിലെന്നാണ് സൂചന. ജോസ്നയുടെ സഹോദരൻ പലതവണ വിളിക്കാൻ ശ്രമിച്ചെങ്കിലും നാലു പേരും ഫോൺ എടുത്തില്ല.
വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ കണ്ടെത്തി. പിൻവാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് നാലു പേരെയും അവശനിലയിൽ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും അലനെ കുട്ടികളുടെ ആശുപത്രിയിലും കൊണ്ടുപോയി. ജോസ്ന കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു. മരിയ മറ്റക്കര എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു.

