കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെണ്മക്കളും ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ നിർണായകമായ തെളിവായ ഷൈനിയുടെ മൊബൈൽ ഫോൺ ഇതുവരെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോണിനായി പോലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
ഷൈനിയുടെ മരണത്തിന് തലേദിവസം താൻ അവളെ വിളിച്ചിരുന്നുവെന്ന് ഭർത്താവ് നോബി ലൂക്കാസ് പോലീസിനോട് പറഞ്ഞിരുന്നു . ഈ ഫോൺ കോളിലെ ചില സംഭാഷണങ്ങളാണ് ഷൈനിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഷൈനി ആത്മഹത്യ ചെയ്ത റെയിൽവേ ട്രാക്കിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും മൊബൈൽ ഫോൺ കണ്ടെത്താനായില്ല.
മൊബൈൽ ഫോണിനെക്കുറിച്ച് പോലീസ് ഷൈനിയുടെ മാതാപിതാക്കളോട് അന്വേഷിച്ചെങ്കിലും അവർക്കും അതിനെ പറ്റി അറിയില്ലെന്നാണ് സൂചന . നിലവിൽ ഷൈനിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കേസുമായി ബന്ധപ്പെട്ട് ഷൈനിയുടെ അച്ഛനും അമ്മയും നൽകിയ മൊഴികൾ പോലീസ് പൂർണ്ണമായും കണക്കിലെടുത്തിട്ടില്ല. വീട്ടിൽ ഷൈനിക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെട്ടിരുന്നോ എന്നും പോലീസ് അന്വേഷിക്കും. ഷൈനിയുടെ അച്ഛൻ കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴികൾ പോലീസ് വീണ്ടും രേഖപ്പെടുത്തും.
ഫെബ്രുവരി 28 ന് പുലർച്ചെ 4.44 ന് ഷൈനി തന്റെ പെൺമക്കളായ അലീന, ഇവാന എന്നിവരോടൊപ്പം വീട്ടിൽ നിന്ന് ഇറങ്ങി വീടിന് എതിർവശത്തുള്ള റോഡിലൂടെ റെയിൽവേ ട്രാക്കിലെത്തുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു . ഷൈനി ഇളയ മകൾ ഇവാനയെ കൈയിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ഷൈനി ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ്, മദ്യപിച്ച നിലയിൽ നോബി ഫോൺ വിളിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായും വ്യക്തമായിട്ടുണ്ട് . വിവാഹമോചനത്തിന് ഷൈനിയുമായി സഹകരിക്കില്ലെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം നൽകില്ലെന്നും നോബി പറഞ്ഞു. പോലീസ് ചോദ്യം ചെയ്യലിൽ നോബി ഇതെല്ലാം സമ്മതിച്ചിട്ടുമുണ്ട് .