വയനാട്: സൗദി അറേബ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ അൽ ഉലയിൽ ഉണ്ടായ വാഹനാപകടത്തിൽ നേഴ്സുമാരായ രണ്ട് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. വയനാട് അമ്പലവയൽ സ്വദേശി അഖിൽ അലക്സ് (27), നടവയൽ സ്വദേശി ടീന (26) എന്നിവരാണ് മരിച്ചത്. ജൂണിൽ ഇവരുടെ വിവാഹം നടത്താനിരിക്കെയാണ് ദുരന്തം .മറ്റൊരു കാറിൽ യാത്ര ചെയ്തിരുന്ന സൗദിയിലെ മദീന സ്വദേശികളായ മൂന്ന് പേരും അപകടത്തിൽ മരിച്ചു.
യുകെയിൽ നഴ്സായ അഖിൽ, ടീനയെ കാണാൻ സൗദിയിലെത്തിയതായിരുന്നു . അപകടസമയത്ത് സൗദിയിൽ വിനോദയാത്രയിലായിരുന്നു ഇവർ എന്നാണ് റിപ്പോർട്ട്. അൽഉലയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം സൗദി പൗരന്മാരുടെ ലാൻഡ് ക്രൂയിസറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സൗദിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

